Sorry, you need to enable JavaScript to visit this website.

നിശ്ചയിച്ച സമയത്തിനു മുമ്പേ കോഴിക്കോട് നിന്നും ഗവര്‍ണര്‍ മടങ്ങി

കോഴിക്കോട്- എസ്. എഫ്. ഐ പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ നിശ്ചയിച്ച സമയത്തിനു മുമ്പേ ഗവര്‍ണര്‍ മടങ്ങി. ഏഴു മണിക്ക് മടങ്ങാന്‍ തീരുമാനിച്ച ഗവര്‍ണര്‍ ആറരയോടെ ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. 

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി ദേശീയ പാത ഉപരോധിച്ചു. ഗവര്‍ണര്‍ക്കെതിരെ എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലേക്കും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം വ്യാപിപ്പിക്കാനാണ് എസ്. എഫ്.ഐയുടെ തീരുമാനം. സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി പി. എം. ആര്‍ഷോ പറഞ്ഞു. 

നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ കറുത്ത ടീ ഷര്‍ട്ട് ധരിച്ചും കറുത്ത കൊടി ഉയര്‍ത്തിയും ശക്തമായ പ്രതിഷേധമാണ് എസ്. എഫ്. ഐ നടത്തിയത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ. ഐ. എസ്. എഫിന്റെ നേതൃത്വത്തില്‍ പ്രധാന കവാടത്തിന് മുന്നിലും പ്രതിഷേധിച്ചിരുന്നു.

Latest News