തിരുവല്ല- തിരുവല്ല നിരണം ഭാഗത്ത് രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ബോട്ടിലുണ്ടായിരുന്ന പത്തുപേരെയും കണ്ടെത്തി. ഒരു തുരുത്തിൽ അകപ്പെട്ട നിലയിലായിരുന്നു ബോട്ടിലുണ്ടായിരുന്നവർ. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവർ നിരണം ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിന് പോയത്. എന്നാൽ, അധികം വൈകാതെ ഇവരുമായുള്ള ബന്ധം നിലക്കുകയായിരുന്നു. നിരവധി സംഘങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ അൻപതോളം മത്സ്യതൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പത്തുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരുടെ ആരോഗ്യനില സാധാരണഗതിയിലാണ്. എന്നാൽ ഭക്ഷണം ലഭിക്കാത്തതിനാൽ ഇവർ അവശരാണ്.