തൃശൂർ / പത്തനംതിട്ട - തൃശൂർ, പത്തനം തിട്ട ജില്ലകളിൽനിന്ന് സ്‌കൂളിലേക്ക് പോയ ആറു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. ഇരു ജില്ലകളിൽനിന്നും മൂന്നു വീതം കുട്ടികളെയാണ് കാണാതായത്.
തൃശൂരിലെ കരുവന്നൂരിൽ തേലപ്പിള്ളി സ്വദേശികളായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെയാണ് കാണാതായത്. കരുവന്നൂർ സെന്റ് ജോസഫ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണിവർ.
സ്‌കൂൾ വിട്ട് വന്ന ഇവർ സൈക്കിളുമായി പോകുന്നത് കണ്ടവരുണ്ടെന്നാണ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇരിങ്ങാലക്കുട പോലീസ് പറഞ്ഞു. കുട്ടികളെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ 9446764846 എന്ന നമ്പറിലോ ബന്ധപ്പെടണം.
അതിനിടെ, പത്തനംതിട്ട ജില്ലയിലെ പന്തളത്ത് നിന്നും മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാതായിട്ടുണ്ട്. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെയാണ് തിങ്കളാഴ്ച സ്‌കൂൾ വിട്ടശേഷം കാണാതായത്. രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയിട്ടില്ല. ബാലാശ്രമം അധികൃതരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിതായി പോലീസ് പ്രതികരിച്ചു.