പാലക്കാട്-കോയമ്പത്തൂര്‍- ബെംഗളുരു റൂട്ടില്‍ വരാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കോയമ്പത്തൂര്‍- ബെംഗളുരു റൂട്ടിലെ ഉദയ് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനായുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല. കേരളം റൂട്ട് നീട്ടുന്നതിനായി കാര്യമായി ശ്രമിക്കുകയും സക്ഷിണ റെയില്‍വേ അധികൃതര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിട്ടും ട്രെയിന്‍ സര്‍വീസ് കേരളത്തിലേക്ക് നീട്ടാന്‍ സാധിക്കാത്തതില്‍ ചില ലോബികള്‍ പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എയും ബിജെപി നേതാവുമായ വാനതി ശ്രീനിവാസനാണ് കോയമ്പത്തൂര്‍- ബെംഗളുരു വന്ദേഭാരത് ഉടന്‍ തന്നെ യാതാര്‍ഥ്യമാകുമെന്ന് അറിയിച്ചത്. ഈ സര്‍വീസ് പാലക്കാട്ടേക്ക് നീട്ടാന്‍ സാധിക്കുകയാണെങ്കില്‍ കേരളത്തിലുള്ളവരുടെ യാത്രാാപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പാലക്കാട്ടേക്ക് വന്ദേഭാരത് ഓടിക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. വാളയാര്‍ വനപ്രദേശത്ത് മാത്രമാണ് ട്രെയിന്‍ വേഗം കുറയ്ക്കേണ്ടതായി വരിക. ഏറെ മലയാളികള്‍ ബെംഗളുരുവില്‍ ജോലി ചെയ്യുന്നു എന്നതിനാല്‍ തന്നെ സര്‍വീസ് പാലക്കാട്ടേക്ക് നീട്ടുകയാണെങ്കില്‍ റെയില്‍വേയ്ക്ക് അത് ലാഭകരമാകുമെന്നത് സംശയമില്ലത്തതാണ്.