ഖത്തർ ലോകകപ്പും അറബ് രാഷ്ട്രീയവും
ലോകത്തിന്റെ അതിശയ കപ്പിൽ അർജന്റീന മുത്തമിട്ടിട്ട് ഇന്നേക്ക് ഒരു കൊല്ലം പൂർത്തിയായി. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർക്ക് ഒരായുസു മുതൽ താലോലിക്കാനായി ലോകഫുട്‌ബോളിലെ ഇതിഹാസ താരം ലയണൽ മെസിയും സംഘവും ലോകകപ്പ് സമ്മാനിച്ചതിന്റെ വാർഷിക ദിനം. അത്യന്തം ഉൾപ്പുളകം നിറഞ്ഞ ആ ദിനം ഒരിക്കൽ കൂടി വിരുന്നെത്തുന്നു. ആരാധകർക്ക് ഓർമ്മയിൽ സൂക്ഷിക്കാനും വരാനിരിക്കുന്ന തലമുറക്ക് ഏറെ സന്തോഷത്തോടെ കൈമാറാനും പറ്റുന്ന ഒരു നിമിഷം.
ഖത്തറിൽ ലോകകപ്പ് പ്രഖ്യാപിച്ചതു മുതൽ അനിശ്ചിതത്വവും വിവാദങ്ങളുമുണ്ടായിരുന്നു. ഖത്തറിന് ലോകകപ്പ് ഫുട്‌ബോൾ അനുവദിച്ചത് പാശ്ചാത്യ മാധ്യമങ്ങളെയും അവരുടെ പിണിയാളുകളെയും ചൊടിപ്പിച്ചു. ഒരു അറബ് രാജ്യത്ത് ഫുട്‌ബോൾ ലോകകപ്പ് വിജയിപ്പിക്കാനാകുമോ എന്നായിരുന്നു ഈ മാധ്യമങ്ങളുടെ അനാവശ്യമായ ആശങ്കകളത്രയും. സ്റ്റേഡിയം നിർമ്മാണം മുതൽ ഇവർ വിയോജിപ്പുകളുടെ ചുവപ്പു കാർഡുകളുയർത്തി. എന്നാൽ, ആദ്യ ദിവസം മുതൽ എല്ലാ വിവാദങ്ങളെയും ആശങ്കകളെയും ഖത്തർ എന്ന കൊച്ചു രാജ്യം മറികടന്നു. ലോകകപ്പ് ഫൈനലിന്റെ അവസാനത്തിൽ കിരീടം നേടിയ ലിയണൽ മെസി എന്ന നായകനെ അറബികളുടെ പാരമ്പര്യ വസ്ത്രമായ ബിഷ്ത് ധരിപ്പിച്ച് ഖത്തർ അമീർ അറബ് സംസ്‌കാരം എന്താണെന്ന് കൂടി ലോകത്തിന് പഠിപ്പിച്ചു കൊടുത്തു.
കിക്കോഫ് മുതൽ അവസാന വിസിൽ വരെ ഉദ്വേഗം നിറഞ്ഞതായിരുന്നു ഖത്തർ ലോകകപ്പ്.
2022 നവംബർ 22. അർജന്റീന-സൗദി അറേബ്യ ഫുട്‌ബോൾ പോരാട്ടത്തിനൊരുങ്ങി നിൽക്കുകയാണ് ദോഹയിലെ ലൂസൈൽ സ്‌റ്റേഡിയം. ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ ഇരു രാജ്യങ്ങളുടെയും ആദ്യ മത്സരം. നേരത്തെ പ്രവചിക്കപ്പെട്ടിരുന്ന പോലെ അർജന്റീനയുടെ ഏകപക്ഷീയ വിജയം കാത്ത് ഗ്യാലറിയിൽ 88102 പേർ. പത്താമത്തെ മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം ലിയണൽ മെസി സൗദിയുടെ വലയിലേക്ക് അടിച്ചു കയറ്റിയപ്പോൾ ആർപ്പുവിളികൾ ഉയർന്നുവെങ്കിലും അതിൽ അത്ഭുതത്തിന്റെ അലകളുണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സാലേഹ് അൽ ഷെഹ്രി ലൂസൈൽ സ്റ്റേസിഡിയത്തിലെയും ലോകത്തെയും മുഴുവൻ ഫുട്‌ബോൾ ആരാധകരെയും ഞെട്ടിച്ച് അർജന്റീനയുടെ നെഞ്ചിലേക്ക് ആദ്യ വെടിയുണ്ട പായിച്ചു. ലൂസൈൽ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. അഞ്ചു മിനിറ്റിനകം സാലേം അൽ ദോസരിയുടെ വക സൗദിയുടെ രണ്ടാമത്തെ പീരങ്കി. ലോക ഫുട്‌ബോളിന്റെ നായകൻ എന്ന് വിലയിരുത്തപ്പെടുന്ന ലിയണൽ മെസി സഹ പടയാളികൾക്കൊപ്പം ലൂസൈൽ സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനിയിൽ പടക്കോപ്പുകളില്ലാതെ നിരാശനായി നിന്നു.
അർജന്റീനയുടെ പരാജയം ഉറപ്പിച്ച ശേഷം സ്റ്റേഡിയത്തിലെ വി.ഐ.പി ഗ്യാലറിയിൽനിന്ന് അക്കാലം വരെ കാണാത്ത ഒരു കാഴ്ചയുണ്ടായി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി സൗദി അറേബ്യയുടെ പതാക ആഞ്ഞു വീശുന്നു. അടുത്തുള്ള ഒരാളോട് സൗദിയുടെ പതാക വാങ്ങിയാണ് അയൽ രാജ്യത്തിന്റെ വിജയത്തിനൊപ്പം തമീം ബിൻ ഹമദ് അൽ താനി ആഹ്ലാദത്തെ വാനിലേക്കുയർത്തിയത്.
ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനുമപ്പുറത്തേക്ക് ഈ പതാക വീശൽ മറ്റു നിരവധി രാഷ്ട്രീയ സന്ദേശങ്ങളാൽ പ്രസക്തമായിരുന്നു. 2017 ജൂൺ അഞ്ചു മുതലാണ് സൗദി, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ പത്തോളം രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയത്. 2021 ജനുവരി അഞ്ചുവരെ ഉപരോധം നീണ്ടുനിന്നു. ഈ സഹചര്യത്തിൽ സൗദിയുടെ വിജയത്തിൽ ഖത്തർ അമീറിന്റെ സന്തോഷ പ്രകടനത്തിന് അർത്ഥങ്ങളേറെ ഉണ്ടായിരുന്നു. ഖത്തർ ലോകകപ്പ് ഉദ്ഘാടന വേദിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഖത്തർ സവിശേഷ സ്ഥാനം നൽകിയിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ പുതിയ രാഷ്ട്രീയ കാഴ്ചയുടെ ഉദ്ഘാടനത്തിന് കൂടിയാണ് ഖത്തർ ലോകകപ്പ് തുടക്കം കുറിച്ചത്.
അർജന്റീനക്ക് എതിരായ സൗദിയുടെ വിജയാഘോഷം ഗ്രൗണ്ടിൽ അവസാനിക്കുന്നതായിരുന്നില്ല. ദോഹയിലെ പ്രധാന അങ്ങാടിയായ സൂഖ് വാഖിഫിൽ ആ ദിവസത്തെ രാത്രി കാഴ്ച ഈ വിജയം അറബ് രാഷ്ട്രീയത്തെ എങ്ങിനെ ഉൾക്കൊള്ളുന്നുവെന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്. സൗദിയുടെയും ഖത്തറിന്റെയും കൊടികൾ ഒരുമിച്ചു തുന്നിയായിരുന്നു ആളുകൾ ആഘോഷത്തിൽ പങ്കെടുത്തത്. വലിയ ശബ്ദത്തിൽ പാട്ടുകൾ പാടിയും അറബ് ഐക്യത്തെ അഭിമാനപ്പെടുത്തിയുമായിരുന്നു പാട്ടുകൾ. ലോകകപ്പ് ഫുട്‌ബോളിന്റെ തുടക്കം മുതൽ ഏകദേശം ഒടുക്കം വരെ ഈ ആഘോഷങ്ങൾ സൂഖ് വാഖിഫിലും ദോഹയിലെ പ്രധാന തെരുവുകളിലും വേണ്ടുവോളമുണ്ടായിരുന്നു. മിക്ക അറബ് രാജ്യങ്ങളിലും ഇത് പതിവുകാഴ്ചയുമായി.
ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ വിജയം കൊണ്ട് ഭ്രമിപ്പിച്ച ടീമാണ് മൊറോക്കോ. ആദ്യ കളിയിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച മൊറോക്കോ അടുത്ത കളിയിൽ കരുത്തരായ ബെൽജിയത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ക്രൊയേഷ്യയെ സമനിലയിൽ തളച്ചതിൽ അറബ് ഫുട്‌ബോൾ ആരാധകർ അമ്പരപ്പ് പ്രകടിപ്പിച്ചെങ്കിലും ആ വിജയത്തിന് തുടർച്ചയുണ്ടാകുമോ എന്നതിൽ ആർക്കും ഉറപ്പില്ലായിരുന്നു. എന്നാൽ ബെൽജിയത്തെ തോൽപ്പിച്ചതോടെ മൊറോക്കോയിൽനിന്ന് ഫുട്‌ബോൾ ആരാധകരുടെ ഒഴുക്കുണ്ടായി ദോഹയിലേക്ക്. ചുവപ്പു ജഴ്‌സി അണിഞ്ഞ് ഖത്തർ തെരുവുകൾ മൊറോക്കോ മയമായി. അറബ് ലോകത്തിന്റെ മുഴുവൻ പിന്തുണയും മൊറോക്കോ ഒറ്റയടിക്ക് നേടിയെടുത്തു. കാനഡയെയും സ്‌പെയിനിനെയും പോർച്ചുഗലിനെയും തോൽപ്പിച്ച് സെമി വരെ എത്തിയ മൊറോക്കോക്ക് പിന്നീട് മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും അപ്പോഴേക്കും ഫുട്‌ബോളിനും അപ്പുറത്തുള്ള രാഷ്ട്രീയ പിന്തുണ അറബ് ലോകത്തുനിന്ന് ഈ രാജ്യം നേടിയെടുത്തു.
ഇസ്രായിലുമായി മൊറോക്കോ 2020ൽ ഒപ്പുവെച്ച കരാറിനെതിരെ അറബ് ലോകത്ത് പൊതുവേ കനത്ത എതിർപ്പ് ഉയർന്നിരുന്നു. 2020 സെപ്റ്റംബറിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാർമികത്വത്തിൽ മൊറോക്കോ-ഇസ്രായിൽ കരാർ ഒപ്പിട്ടത്. മൊറോക്കോ തലസ്ഥാനമായ റബാത്തിനും ഇസ്രായിൽ നഗരമായ ടെൽ അവീവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവും നടത്തി. 2020 ഡിസംബർ 10ന്, ഇസ്രായേലും മൊറോക്കോയും സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിക്കാൻ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിസംബർ 22ന് നേരിട്ടുള്ള ആദ്യത്തെ വാണിജ്യ വിമാനം ആരംഭിച്ചു. യു.എസ്. പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നർ, ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയർ ബെൻഷബ്ബത്ത് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. അറബ് ലോകത്ത് പതിവുള്ള കാഴ്ചയായിരുന്നില്ല ഇത്. പിന്നീടും ഇരു രാജ്യങ്ങളും തമ്മിൽ നിരവധി രാഷ്ട്രീയ കൂടിയാലോചനകൾ നടത്തി. രാഷ്ട്രീയ കൂടിയാലോചന, വ്യോമയാനം, സംസ്‌കാരം എന്നിവയിൽ മൂന്ന് കരാറുകളിൽ ഒപ്പുവച്ചു. 2021 നവംബറിൽ മൊറോക്കോയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവച്ചു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനും കത്തിടപാടുകൾ ആരംഭിച്ചു. വിദേശകാര്യ മന്ത്രി യെയർ ലാപിഡിന്റെ മൊറോക്കോ സന്ദർശന വേളയിൽ ഹെർസോഗ് മുഹമ്മദ് രാജാവിന് ഒരു കത്ത് അയച്ചു. ഇതിനുള്ള മറുപടിയിൽ സമാധാനത്തിന്റെ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ ചർച്ചകളുടെ വേഗത സുസ്ഥിരമാക്കുമെന്ന് മുഹമ്മദ് ആറാമൻ രാജാവ് മറുപടി നൽകി. ഇരു നേതാക്കളും തമ്മിലുള്ള ബന്ധം മൊറോക്കോക്ക് പുറത്തുള്ള അറബ് ജനതക്ക് അത്ര സ്വീകാര്യമായിരുന്നില്ല. കനത്ത പ്രതിഷേധമാണ് മൊറോക്കോ-ഇസ്രായിൽ സഖ്യവുമായി ബന്ധപ്പെട്ട് ഉയർന്നത്.
എന്നാൽ, ലോകകപ്പ് ഫുട്‌ബോളിൽ ഏവരെയും ഞെട്ടിച്ച് സെമി വരെ നടത്തിയ കുതിപ്പ് മൊറോക്കോയോട് ഇതര അറബ് ജനതക്കുണ്ടായിരുന്ന രാഷ്ട്രീയ വിയോജിപ്പുകളെ ഇല്ലാതാക്കുന്നതായി. ഈ വിയോജിപ്പ് മാറാനുള്ള മറ്റൊരു കാരണം, മൈതാനത്തിലും പുറത്തും മൊറോക്കോ കളിക്കാർ ഫല്‌സ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതായിരുന്നു. മൊറോക്കോ കളിക്കാർ വിജയാഘോഷത്തിന് ശേഷം മൈതാനത്ത് ഫലസ്തീൻ പതാകയുമായി ആഹ്ലാദ പ്രകടനം നടത്തി. ഫ്രാൻസിന് എതിരായ മൊറോക്കോയുടെ സെമി ഫൈനൽ മത്സരം ഫലസ്തീനിലെ ഗാസ സിറ്റിയിൽനിന്ന് കാണുന്ന ഫുട്‌ബോൾ ആരാധകരുടെ മുഖത്ത് മൊറോക്കോയോടുള്ള അഭിനിവേശം കൃത്യമായി ദർശിക്കാമായിരുന്നു. മൊറോക്കൻ ടീമിനെ മഹത്വപ്പെടുത്തുന്ന ഗാനങ്ങൾ ഫലസ്തീനികൾ എഴുതിയുണ്ടാക്കി ഖത്തറിലും ലോകത്തുടനീളവും ചൊല്ലി നടന്നു.
2019-ൽ അൾജീരിയൻ സ്വാതന്ത്ര്യ പോരാട്ടത്തെ ഉജ്വലമാക്കി നിലനിർത്തിയിരുന്ന പാട്ടുകളിലൊന്നാണ് ലാ ലിബർതോ. സൂൾ കിംഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അബ്ദുൽ റഊഫ് ദെറാദ്ജിയാണ് ഈ പാട്ട് എഴുതുകയും പാടുകയും ചെയ്തത്. പാരീസിൽ രേഖകളില്ലാതെ അഭയാർത്ഥിയായി താമസിക്കുകയാണ് സൂൾകിംഗ്. ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ മൊറോക്കോയുടെ വിജയത്തെ ഈ പാട്ടുംപാടിയാണ് അറബികൾ സ്വീകരിച്ചത്. തെരുവിൽ കയ്യിൽ കൊണ്ടു നടക്കാവുന്ന സ്പീക്കറുമായി ലാലിബർതോ പാട്ടുമായി അറബ് സമൂഹം ഒത്തുകൂടി.
സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം..
അത് നമ്മുടെ ഹൃദയത്തിൽ തുടങ്ങുന്നു..
സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം
അത് നമ്മെ ഭയപ്പെടുത്തുന്നില്ല..
ഞങ്ങൾ മരിച്ചുവെന്ന് അവർ കരുതി, മരണം നല്ല മോചനം പോലെയാണ്
ഈ ഇരുണ്ട ഭൂതകാലത്തെ നമ്മൾ ഭയപ്പെടുന്നുണ്ടെന്ന് അവർ കരുതി
ആരും അവശേഷിക്കുന്നില്ല,
ഫോട്ടോകളല്ലാതെ മറ്റൊന്നുമില്ല,
നുണകളല്ലാതെ ഒന്നുമില്ല
നമ്മെ വേട്ടയാടുന്ന ചിന്തകളല്ലാതെ മറ്റൊന്നുമില്ല,
തുടങ്ങിയ വാചകങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുമായി മൊറോക്കോയുടെ വിജയം ജനത ആഘോഷിച്ചു. സൗദി അറേബ്യ ഫുട്‌ബോൾ കളിക്കുമ്പോൾ ഞാനൊരു സൗദിയാണ്, മൊറോക്കോ കളിക്കുമ്പോൾ ഞാനൊരു അറബ് വംശജനാണ് എന്നുള്ള വാചകം രാജ്യാന്തര ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ അറബ് പൗരനെ ഉദ്ധരിച്ച് വായിച്ചിരുന്നു.
മൊറോക്കോയും അയൽ രാജ്യമായ അൾജീരിയയും നിരവധി കാരണങ്ങളാൽ രാഷ്ട്രീയമായി മികച്ച സഹവർത്വിതം പുലർത്തുന്നവരല്ല. എന്നിട്ടും അറ്റ്‌ലസ് സിംഹങ്ങൾ എന്ന് വിളിപ്പേരുള്ള മൊറോക്കോയുടെ വിജയത്തിൽ അൾജീരിയയിലും വൻ ആഘോഷമുണ്ടായി. അൾജീരിയയിലെ ഔദ്യോഗിക മാധ്യമങ്ങൾ മൊറോക്കോയുടെ വിജയത്തെ പറ്റി കാര്യമായ വാർത്തകൾ നൽകിയിരുന്നില്ലെങ്കിലും.
അറബ് ലോകത്തിന് പുറമെ, ലോക രാഷ്ട്രീയത്തിലും വൻ സ്വാധീനമാണ് ലോകകപ്പ് ഫുട്‌ബോൾ ചെലുത്തിയത്. ഖത്തറിന് ലോകകപ്പ് ഫുട്‌ബോൾ അനുവദിച്ചതുമുതൽ ചില രാജ്യാന്തര മാധ്യമങ്ങളും രാഷ്ട്ര തലവൻമാരും നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, എല്ലാ ആശങ്കകളെയും തകർത്തെറിഞ്ഞാണ് ഡിസംബർ 18ന് ലൂസൈൽ സ്റ്റേഡിയത്തിലെ 88,966 കാണികൾക്ക് മുന്നിൽ ലോകകപ്പ് ഫുട്‌ബോളിന് ഫൈനൽ വിസിൽ മുഴങ്ങിയത്. രാഷ്ട്രീയവും കായികവുമായ മുഴുവൻ ആരോപണങ്ങളെയും ഖത്തർ ഏകദേശം ഒരു മാസം നീണ്ടുനിന്ന ഫുട്‌ബോൾ സംഘാടനത്തിലൂടെ അലിയിച്ചുകളഞ്ഞു.
മൊറോക്കോയുമായുള്ള ഫ്രാൻസിന്റെ സെമി ഫൈനൽ നടക്കുന്ന ദിവസമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ ഖത്തറിലെത്തിയത്. രാത്രി പത്തിന് സെമി ഫൈനൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ദോഹയിലെ ഫുട്‌ബോളിന്റെ കൂടി ആവേശത്തെരുവായ സൂഖ് വാഖിഫിൽ മാക്രോണെത്തി. ഏറെനേരം ഈ തെരുവിൽ ചെലവിട്ടാണ് മാക്രോൺ സ്‌റ്റേഡിയത്തിലേക്ക് പോയത്. ഖത്തറിനെതിരെ ലോക രാജ്യങ്ങളിൽ ചിലർ ഉന്നയിച്ച ആരോപണങ്ങൾക്കൊപ്പം നിൽക്കുന്നില്ലെന്ന ശക്തമായ സന്ദേശമായാണ് ഈ സന്ദർശനത്തെ പലരും വിലയിരുത്തിയത്.
സൗദി-അർജന്റീന മത്സരത്തിൽ വിജയിച്ച സൗദിയുടെ പതാക ആകാശത്തേക്കുയർത്തി വീശിയ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി ലൂസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ തന്റെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു. അതിവേഗത്തിൽ അദ്ദേഹം അർജന്റീനയുടെ മുൻ പ്രസിഡന്റ് മൗരീസിയോ മാഗ്രിയുടെ അടുത്തേക്ക് കുതിച്ചു. അടുത്തുണ്ടായിരുന്നവരെയെല്ലാം വകഞ്ഞു മാറ്റിയായിരുന്നു അമീർ നടന്നത്. മൗരീസിയോയെ ഏറെ നേരം വാരിപ്പുണർന്നാണ് അമീർ വിജയാഹ്ലാദം കൈമാറിയത്. ഖത്തറിലെയും അറബ് ലോകത്തെയും പാരമ്പര്യ വസ്ത്രമായ ബിഷ്ത് അർജന്റീനയുടെ നായകൻ മെസിയെ അണിയിച്ചതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
ഒരു ഫുട്‌ബോൾ കൊണ്ട് ലോകത്തെയാകമാനം ഹൃദയം കൊണ്ട് കീഴ്‌പ്പെടുത്തിയ അത്ഭുതത്തെയാണ് ലോകകപ്പ് സംഘാടനത്തിലൂടെ ഖത്തർ വരച്ചിടുന്നത്. രാഷ്ട്രീയ കാരണങ്ങളാലും കായിക വിഷയങ്ങളാലും ഖത്തർ ലോകകപ്പ് മറ്റു വിശ്വപോരാട്ടങ്ങളെ മറികടക്കുന്നതുമായി വിലയിരുത്തപ്പെടും.