Sorry, you need to enable JavaScript to visit this website.

കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു പോകുന്നത് വികലാംഗന്റെ പണിയാണോ? അധിക്ഷേപിച്ച് ജയരാജന്‍

കണ്ണൂര്‍- നവകേരള സദസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ അധിക്ഷേപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വികലാംഗന്‍ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു. മര്‍ദിക്കാന്‍ വരുമ്പോഴും പോലീസ് ലാത്തിച്ചാര്‍ജ് നടത്തുമ്പോഴും എതിരെ നില്‍ക്കുന്നവര്‍ക്ക് കൈയുണ്ടോ കാലുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ എന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു പോകുന്നത് ഒരു വികലാംഗന്റെ പണിയാണോ? എന്തിനാണ് ആ പാവത്തെ പറഞ്ഞയച്ചത്? ആ പറഞ്ഞയച്ചവര്‍ക്ക് എതിരായിട്ടാണ് നിങ്ങളുടെ വികാരം ഉണരേണ്ടത്. നടക്കാന്‍ വയ്യാത്ത ഒരു പാവത്തെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്തിട്ട് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നതിനെക്കുറിച്ചല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്. അതാണ് തെറ്റ്. മര്‍ദ്ദനത്തിനു വരുന്ന അവസരത്തില്‍ കാലുണ്ടോ, കയ്യുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ? പോലീസ് ലാത്തിച്ചാര്‍ജില്‍ നോക്കുമോ ഈ പാവത്തെ കൊണ്ടുവന്ന് ഇതിനു മുന്നിലേക്ക് എറിഞ്ഞുകൊടുത്തത് എന്തിനെന്ന് ഇ.പി ജയരാജന്‍ ചോദിച്ചു.

നടക്കാന്‍ വയ്യാത്ത ആ പാവം ചെറുപ്പക്കാരനെ എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഈ ക്രൂരതക്ക് എറിഞ്ഞുകൊടുക്കുന്നത് എന്നാല്‍പ്പിന്നെ വി.ഡി.സതീശനോ കെ.സുധാകരനോ പോയി തല്ലുകൊള്ള്. അതിന് അവരാരും ഉണ്ടായിരുന്നില്ലല്ലോ. വടി കാണുമ്പോള്‍ത്തന്നെ അവര്‍ ഓടുമല്ലോ. സ്ത്രീകളെയൊന്നും കൊണ്ടുവന്ന് ഇങ്ങനെ ചെയ്യിക്കരുത്. ഇതെല്ലാം കോണ്‍ഗ്രസിന്റെ നേതൃത്വം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News