മഞ്ചേരി- ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തി വരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ്ങ്് (27) എന്നിവരെ മഞ്ചേരി പോലീസ് ഹൈദരാബാദില്‍ നിന്നു സാഹസികമായി അറസ്റ്റ് ചെയ്തു. വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകള്‍ തയാറാക്കി പല തരം ഉത്പന്നങ്ങള്‍ വില്‍പനക്കെന്ന പേരില്‍ പരസ്യം ചെയ്യുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ ആരെങ്കിലും ഉത്പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്കു മെസേജ് ലഭിക്കുകയും ഇരുവരും ഇ-മെയില്‍ മുഖേനയോ വിര്‍ച്വല്‍ നമ്പറുകള്‍ വഴിയോ ആവശ്യക്കാരെ ബന്ധപ്പെടും. തുടര്‍ന്നു ഇരകള്‍ ഉത്പന്നം വാങ്ങാന്‍ തയാറാണെന്നു തോന്നിയാല്‍ കമ്പനികളുടേതാണെന്നു വിശ്വസിപ്പിക്കുന്നതിനു വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയാറാക്കി അയച്ചു കൊടുക്കും. പിന്നീട് ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം മുന്‍കൂറായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കാന്‍ ഇവര്‍ ആവശ്യപ്പെടും. പണം അടവാക്കിയാല്‍ ആവശ്യക്കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ കണ്‍സൈന്‍മെന്റ് നമ്പര്‍ ഇപ്രകാരമാണെന്നും കാണിച്ച് മെസേജ് അയക്കും. പ്രതികള്‍ തന്നെ വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയാറാക്കിയ വെബ്‌സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ ഇതു പരിശോധിക്കുന്നവര്‍ക്കു കൂടുതല്‍ വിശ്വാസം വരികയാണ് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിംഗ് മോശമാണെന്നും അതിനു ഇന്‍ഷ്വറന്‍സായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ചു ഇരകള്‍ക്ക് മെസേജ് ലഭിക്കും. ഇക്കാര്യവും വിശ്വസിക്കുന്ന ഇരകള്‍ വീണ്ടും പണം അടക്കുന്നതോടെ ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്നു വിപണന കേന്ദ്രത്തിലേക്കാവശ്യമായ വിലപിടിപ്പുള്ള മരുന്നു വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്നു ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്നു ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മഞ്ചേരി പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. അന്വേഷണത്തില്‍ വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള പ്രതികളെ തിരിച്ചറിയാന്‍ പെട്ടെന്നു സാധിച്ചിരുന്നില്ല.
പരാതിക്കാരന്റെ പണം രാജസ്ഥാനിലുള്ള ഒരു സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് എത്തിയതെന്നു മനസിലായതിനാല്‍ പോലീസ് രാജസ്ഥാനിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ വിവരം ലഭ്യമായത്. ഒന്നാംപ്രതി ഹൈദരാബാദില്‍ നിന്നും രണ്ടാം പ്രതി കാമറൂണില്‍ നിന്നുമാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നും വ്യക്തമായി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ പ്രതികള്‍ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും മറ്റും സാധ്യതയുണ്ടെന്നതിനാല്‍ പ്രദേശവാസികളുടെയും മറ്റും സഹായത്തോടെ തന്ത്രപരമായി നിരീക്ഷണം നടത്തി പ്രതികളുടെ വാസസ്ഥലം തിരിച്ചറിഞ്ഞ ശേഷമാണ് പോലീസ് ഓപ്പറേഷന്‍ നടത്തിയത്.
പ്രതികളില്‍ നിന്നു നിരവധി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍.ബി. ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുള്ള ബാബു, എസ്‌ഐടി അംഗങ്ങളായ കെ.പി. അബ്ദുള്‍ അസീസ്, എ. ശശികുമാര്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു രാജസ്ഥാന്‍ സ്വദേശി മുകേഷിനെ പിടികിട്ടാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി എസ്.ഐ അറിയിച്ചു.