കോഴിക്കോട് - കാലിക്കറ്റ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എ.ഐ.എസ്.എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. ചാന്‍സലര്‍ പങ്കെടുക്കുന്ന സര്‍വകലാശാലയിലെ സെമിനാര്‍ വേദിയിലേക്ക് ആയിരുന്നു എ.ഐ.എസ്.എഫ് മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ പോലീസ് ഇവരെ തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനാണ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച എ.ഐ.എസ്.എഫ് നാളെ സംസ്ഥാനവ്യാപകമായി പഠിപ്പു മുടക്കി സമരം നടത്തുമെന്ന് അറിയിച്ചു. അതേസമയം കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുക്കുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ വീണ്ടും പ്രതിഷേധിച്ചു.
പ്രതിഷേധിക്കാനായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് അകത്ത് കയറി സുരക്ഷാ വീഴ്ച സൃഷ്ടിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കറുത്ത ബലൂണുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധത്തിന് സമാനമായി എസ്.എഫ്.ഐയും കറുത്ത ബലൂണുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉണ്ടായി.