Sorry, you need to enable JavaScript to visit this website.

ഗവർണർക്കെതിരായ നീക്കങ്ങൾ എ.കെ.ജി സെന്റർ ഭരണം കഴിയുന്നതിലേ വേവലാതി -കെ സുരേന്ദ്രൻ

ആലുവ - എസ്.എഫ്.ഐ മുതൽ മുഖ്യമന്ത്രി വരേയുള്ളവരുടെ ഗവർണർക്കെതിരെയുള്ള പ്രചാരണവേലകൾക്കു പിന്നിൽ എ.കെ.ജി സെന്ററിന്റെ ഭരണം അവസാനിക്കാൻ പോകുന്നതിന്റെ വേവലാതിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ആരാണ് ആദ്യം പ്രകോപനമുണ്ടാക്കിയത്. ഗവർണറെ സർവ്വകലാശാലകളിൽ കാലുകുത്തിക്കില്ലെന്ന് എസ്.എഫ്.ഐക്കാരാണ് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 ചില മാധ്യമങ്ങളും ഗവർമണറെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയുണ്ടായി. കേരളത്തിലെ സർവ്വകലാശാലയുടെ സ്വയംഭരണം തിരിച്ചുപിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സർവ്വകലാശാലയുടെ ഉത്തരവാദിത്തം ഗവർണർക്ക് തന്നെയാണെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഇതിൽ സി.പി.എമ്മിനും സർക്കാരിനും വേവലാതിയാണ്. വിദ്യാർത്ഥികളെ തെരുവിലിറക്കി മഹാ തെമ്മാടിത്തരമാണ് സർക്കാർ കാണിച്ചത്. ആര് വിചാരിച്ചാലും സർവ്വകലാശാലയുടെ സ്വയംഭരണം ഗവർണർ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ഈ രാജ്യത്ത് നിലനിൽക്കുന്ന നിയമവാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഗവർണർ തീരുമാനമെടുത്തത്. നിയമപരവും ഭരണഘടനാപരവുമാണ് ആ തീരുമാനം. അതിനെ തൊട്ടുകളിച്ചാൽ ഗുരുതരമായ പ്രത്യാഘാതമാവും പിണറായി സർക്കാർ നേരിടേണ്ടി വരിക. ജനാധിപത്യമാണെന്ന് പറഞ്ഞാണ് ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിക്കുന്നത്. ഗവർണറെ തെമ്മാടിയാണെന്നാണ് എസ്.എഫ്.ഐക്കാർ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രി ഒരു കള്ള് കുടിയനാണെന്ന് പറഞ്ഞ് ഒരു ബാനർ വെക്കാൻ സാധിക്കുമോ? സംസ്ഥാന സർക്കാരിന്റെ കൈപ്പിടിയിൽ നിന്ന് കേരളത്തിലെ സർവ്വകലാശാലകളെ മോചിപ്പിക്കും. സ്വയംഭരണം കൊണ്ടുവരും. സി.പി.എം സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കിയിരിക്കുകയാണ്. കേരളത്തിലെ സർവ്വകലാശാലകളിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. ഭീഷണിയും കയ്യൂക്കും കൊണ്ട് രാജ്ഭവനെ കൈപ്പിടിയിലൊതുക്കാമെന്ന് കരുതേണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
 

Latest News