അബുദാബി - പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യവുമായി 34 കാരനായ ഇന്ത്യന്‍ അള്‍ട്രാ മാരത്തണര്‍ ദുബായില്‍ 104 കി.മീ ഓടി. 17 മണിക്കൂറും 20 മിനിറ്റും കൊണ്ട് ദുബായിലുടനീളമുള്ള പ്രധാന ലാന്‍ഡ്മാര്‍ക്കുകളെല്ലാം ബന്ധപ്പെടുത്തിയായിരുന്നു ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ആകാശ് നമ്പ്യാരുടെ ഓട്ടം. സിഒപി8 ന് ശേഷമുള്ള ഒരു ചുവടുവെപ്പ് എന്ന ലക്ഷ്യവുമായാണ് ആകാശിന്റെ ദൗത്യം.
മരുഭൂമികള്‍, ബീച്ചുകള്‍, ദുബായിലെ നഗര പ്രദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മാരത്തണിലൂടെ COP28 സൃഷ്ടിച്ച തരംഗം തുടരാന്‍ ശ്രമിച്ച ആകാശ്, പൊതുസമൂഹവുമായി ആശയവിനിമയം നടത്തുകയും കാലാവസ്ഥാ വ്യതിയാനത്തില്‍ എങ്ങനെ മാറ്റം വരുത്താമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു.
'തെരുവുകളില്‍ ഓടുകയും ആളുകളെ കാണുകയും ചെയ്യുമ്പോള്‍ എനിക്ക് ജീവനുണ്ടെന്ന് തോന്നുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച സന്ദേശം പ്രചരിപ്പിക്കാനുള്ള മികച്ച മാര്‍ഗമാണിത്. COP28 ന് ശേഷം ഞാന്‍ ഈ ഓട്ടം ആസൂത്രണം ചെയ്തത് നമ്മുടെ തലമുറകള്‍ക്കായി ഉദ്‌വമനം കുറയ്ക്കുന്നതിനും ഈ ഗ്രഹത്തെ സംരക്ഷിക്കുന്നതിനുമുള്ള സന്ദേശം മുന്നോട്ട് കൊണ്ടുപോകാനാണ്. നമുക്ക് ഒരു ഭൂമിയേ ഉള്ളൂ. യു.എ.ഇ, ഇന്ത്യ, യു.എന്‍ നേതൃത്വത്തിന്റെ കാലാവസ്ഥാ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു- ആകാശ് പറഞ്ഞു.
ചെരുപ്പില്ലാതെയാണ് ആകാശിന്റെ ഓട്ടം. 'ബെയര്‍ഫൂട്ട് മല്ലു' എന്ന് അറിയപ്പെടുന്ന ആകാശ്, ശനിയാഴ്ച രാവിലെ 6.40 ന് അല്‍ ഖുദ്രയിലെ മനോഹരമായ ലവ് തടാകത്തില്‍നിന്ന് ആരംഭിച്ച് പാം ജുമൈറ, ബുര്‍ജ് അല്‍ അറബ്, ഇത്തിഹാദ് മ്യൂസിയം തുടങ്ങിയ ലാന്‍ഡ്മാര്‍ക്കുകള്‍കടന്ന് അര്‍ദ്ധരാത്രിയോടെ ബുര്‍ജ് ഖലീഫയിലെത്തി.
ഉച്ചതിരിഞ്ഞ് ചൂടുള്ള താപനില ഉണ്ടായിരുന്നിട്ടും കാലാവസ്ഥ കുഴപ്പമില്ലായിരുന്നു. എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ എന്റെ ഓട്ടത്തെക്കുറിച്ച് അറിയുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. കൈറ്റ് ബീച്ച്, ജുമൈറ ബീച്ച്, ലാ മെര്‍ ബീച്ച് എന്നിവിടങ്ങളില്‍ ആളുകള്‍ എന്റെ ഓട്ടത്തില്‍ പങ്കുചേര്‍ന്നു. '
ദുബായിലെ കാല്‍നടയാത്രക്കാര്‍ക്കും ഓട്ടക്കാര്‍ക്കും വേണ്ടിയുള്ള ലോകോത്തര സൗകര്യങ്ങളും സൗഹൃദക്കൂട്ടായ്മയും ആകാശിനെ വിസ്മയിപ്പിച്ചു. 'പാര്‍ക്കുകളിലും ബീച്ചുകളിലും ഓടാന്‍ പാതകളും ചെറുതും നീളമുള്ളതുമായ ട്രാക്കുകളുണ്ട്. ഞാന്‍ കണ്ടുമുട്ടിയ ആളുകള്‍ സൗഹൃദസ്വഭാവമുള്ളവരാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും യുഎഇയുടെ നെറ്റ് സീറോ പ്രയത്‌നങ്ങളെക്കുറിച്ചും ഞാന്‍ സംഭാഷണം നടത്തി. ആളുകള്‍ക്ക് എങ്ങനെ വ്യക്തിഗതമായി സംഭാവന നല്‍കാമെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ കൈമാറി. എങ്ങനെ ഉദ്‌വമനം കുറക്കാം, റീസൈക്കിള്‍ ചെയ്യാം, പുനരുപയോഗിക്കാം, ഓരോ തവണയും ഒരു പ്ലാസ്റ്റിക് കുപ്പി വാങ്ങുന്നതിനു പകരം വീണ്ടും നിറയ്ക്കാന്‍ ഒരു സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ കൊണ്ടുപോകുക എന്നതാണ് ലളിതമായ സംരംഭത്തെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.