- 'വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ' എന്ന് എസ്.എഫ്.ഐ
(തേഞ്ഞിപ്പാലം) കോഴിക്കോട് - എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളാണെന്നും ഗുണ്ടകളുടെ സംഘമാണ് അവരെന്നും ഗവർണർ പറഞ്ഞു. കാലക്കറ്റ് സർവ്വകലാശാലയിലെ സെമിനാർ കോംപ്ലക്‌സിലേക്ക് പരിപാടിക്ക് കയറുന്നതിന് തൊട്ടുമുമ്പേ മാധ്യമങ്ങളോടാണ് ഗവർണർ ഇങ്ങനെ പ്രതികരിച്ചത്.
പോലീസ് സുരക്ഷയിൽ ഇവരെ പറഞ്ഞുവിട്ടിരിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ തുറന്നടിച്ചു. കോഴിക്കോടിന്റെ തെരുവുകളിൽ തനിക്കെതിരെ ജനങ്ങൾക്ക് യാതൊരു പ്രതിഷേധവുമില്ലെന്ന് പറഞ്ഞ ഗവർണർ, ഇടയ്ക്ക് മാധ്യമപ്രവർത്തകരോട് പുറത്തുപോകാനും ആക്രോശിച്ചു.
അതിനിടെ, ഗവർണർ പങ്കെടുക്കുന്ന സനാതന ധർമ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിൽ അധ്യക്ഷനാകേണ്ടിയിരുന്ന കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് പരിപാടിക്ക് എത്തിയില്ല. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി.സി എത്താതിരുന്നത്. എസ്.എഫ്.ഐ പ്രതിഷേധത്തിൽ ചാൻസലർ കൂടിയായ ഗവർണർ വി.സിയോട് വിശദീകരണം തേടിയിരുന്നു.
ഗവർണർക്കെതിരെ ക്യാമ്പസിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞും കറുത്ത ബലൂണുകൾ പറത്തിയും കരിങ്കൊടിയേന്തിയും എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. 'വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ' എന്ന ബാനറേന്തിയാണ് സമരം. പോലീസ് തീർത്ത ബാരിക്കേഡുകൾ മറികടന്നാണ് സമരക്കാർ അകത്തുകയറിയത്. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്‌സലടക്കമുള്ള ചിലർ മതിൽ ചാടിക്കടന്ന് ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ പ്രവേശിച്ചത് പോലീസുമായി സംഘർഷത്തിനിടയാക്കി. ഇതിൽ കരിങ്കൊടിയുമായി ചാടിവീണ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള കുറച്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.