ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ 15 ശാഖാ ബലദിയകൾക്കു കീഴിൽ പ്രവർത്തിക്കുന്ന 6,000 ലേറെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭാധികൃതർ പരിശോധനകൾ നടത്തി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 3,893 വ്യാപാര സ്ഥാപനങ്ങളിലും 2,434 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ നിരവധി സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, കാലാവധി തീർന്ന ഹെൽത്ത് കാർഡ് പുതുക്കാതിരിക്കൽ, മോശം രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും 849 സാമ്പിളുകൾ പിടിച്ചെടുത്ത് നഗരസഭാ ലബോറട്ടറിയിൽ പരിശോധിക്കുകയും ചെയ്തു.