കോഴിക്കോട് - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുരക്ഷാ ജാഗ്രത അവഗണിച്ച് കോഴിക്കോട് മിഠായിത്തെരുവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിൽ രൂക്ഷ വിമർശവുമായി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. ജനങ്ങൾ കാണിച്ചത് കോഴിക്കോടിന്റെ സ്വാഭാവിക മര്യാദയാണെങ്കിലും ഗവർണറുടേത് കോപ്രായങ്ങളാണെന്ന് സി.പി.എം വിമർശിച്ചു.
ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ച് കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതെന്ന് സി.പി.എം ആരോപിച്ചു. സംഘപരിവാർ സംഘടനകളുമായി ആലോചിച്ചാണ് മുൻപരിപാടികളിൽ ഇല്ലാത്ത മിഠായിത്തെരുവ് സന്ദർശനം നടത്തിയത്. പ്രകോപനം ഉണ്ടാക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഗവർണർ തുടർച്ചയായി പ്രകോപനം ഉണ്ടാക്കുന്നു. ആർ.എസ്.എസ് കേന്ദ്രങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു.