കൽപ്പറ്റ - ജനജീവിതത്തിന് വൻ ഭീഷണി ഉയർത്തിയ വയനാട്ടിലെ ആളെക്കൊല്ലി കടുവ ഒടുവിൽ കൂട്ടിലായി. വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്.
നാട്ടുകാരുടെയും വനം വകുപ്പിന്റെയും ഉറക്കം കെടുത്തിയ കടുവയെ ദിവസങ്ങൾ നീണ്ടുനിന്ന ദൗത്യത്തിന് ഒടുവിലാണ് പത്താംദിവസം കൂട്ടിലാക്കാനായത്. ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കെണിയിലാണ് കടുവ കുടുങ്ങിയത്. കൂടല്ലൂർ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോൾ കടുവയുള്ളത്. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികളിലാണ് അധികൃതർ.
എന്നാൽ, കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിനിടയിലും കടുവയുടെ സ്ഥലം മാറ്റമല്ല, നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. തങ്ങൾക്ക് ഇനിയും ജീവിക്കണമെന്നും കടുവയെ കൂടുമാറ്റിയതുകൊണ്ട് കാര്യമില്ലെന്നും കൊല്ലുന്നതുവരെ ഞങ്ങൾ ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്നും ജനങ്ങൾ പറയുന്നു. സ്ഥലംമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണിപ്പോൾ.