തേഞ്ഞിപ്പലം-കാലിക്കറ്റ് സർവകലാശാല സംഘർഷഭരിതം. ഗവർണർ-എസ്.എഫ്.ഐ പോരുമുറുകുന്നു. അതിശക്തമായ മുദ്രാവാക്യം വിളികളോടെ എസ്.എഫ്.ഐ പ്രവർത്തകർ യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ നിരന്നു. ഗവർണർ രാജാവൊന്നുമല്ല, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി തുടങ്ങിയ മുദ്രാവാക്യം വിളികളുമായി എസ്.എഫ്.ഐ പ്രവർത്തകർ സ്ഥലത്തുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കറുത്തനിറത്തിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബാനർ ഞായറാഴ്ച രാത്രിയോടെ ഗവർണർ ഇടപെട്ട് മലപ്പുറം പോലീസ് മേധാവിയെ കൊണ്ടു അഴിച്ചുമാറ്റിച്ചിരുന്നു. ഇതേത്തുടർന്നു മിനിറ്റുകൾക്കകം ഗവർണർക്കെതിരേ കാമ്പസിൽ കറുത്ത നിറത്തിലുള്ള പുതിയ ബാനർ സ്ഥാപിച്ചു എസ്എഫ്‌ഐ പ്രതിഷേധം ശക്തമാക്കി. ഗവർണറുടെ പ്രകോപനപരമായ സമീപനത്തെത്തുടർന്നു കാര്യങ്ങൾ വീണ്ടും സങ്കീർണമായി. ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഗവർണർ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ നിന്നു കോഴിക്കോട്ടെ സ്വകാര്യ ചടങ്ങിൽ പങ്കെടക്കാൻ പോയിരുന്നു. എന്നാൽ ഉച്ചക്കു 1.30ന് തിരിച്ചെത്തുമെന്നു അറിയിച്ചിരുന്നുവെങ്കിലും അതിനു മുമ്പേ തന്നെയെത്തി ഗവർണർ തനിക്കെതിരേ കാമ്പസിൽ സ്ഥാപിച്ച ബാനർ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടു രംഗത്തുവന്നു. വിഷയത്തിൽ നടപടിയാവശ്യപ്പെട്ടു അദ്ദേഹം രാജ്ഭവനിലേക്കു നിർദേശവും നൽകി. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്നു
ഗവണർ നേരിട്ടു പ്രതിഷേധവുമായി എത്തുകയായിരുന്നു. ഒടുവിൽ ഗവർണർ ആവശ്യപ്പെട്ടതിനെത്തുടർന്നു മലപ്പുറംഎസ്പി എസ്. ശശിധരനു എസ്.എഫ്.ഐ സ്ഥാപിച്ച കറുത്ത ബാനറുകൾ എടുത്തുമാറ്റേണ്ടി വന്നു. ബാനറുകൾ എടുത്തു മാറ്റിയതിനു തൊട്ടുപിന്നാലെ എസ്.എഫ്.ഐ സമരവുമായി രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി പി.ആർ. ആർഷോയുടെ നേതൃത്വത്തിലുള്ള സമരത്തെ സർവകലാശാല പരീക്ഷാഭവനുള്ളിൽ പോലീസ് തടഞ്ഞു. രാത്രി വൈകിയും സമരത്തിലാണ് എസ്എഫ്‌ഐ. തിങ്കളാഴ്ച ഉച്ചക്കു 2.30ന് സർവകലാശാല കാമ്പസിലെ ഇഎംഎസ് സെമിനാർ കോംപ്ലക്‌സിൽ നടക്കുന്ന സനാതനധർമപീഠത്തിന്റെ നേതൃത്വത്തിലുള്ള സെമിനാറാണ് ഗവർണർ ഉദ്ഘാടനം ചെയ്യുക. സെമിനാറിലേക്കു 300 പേർക്കു മാത്രമാണ് പ്രവേശനാനുമതി. സെമിനാറിൽ വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് പങ്കെടുക്കുമെന്നു അറിയിച്ചിരുന്നുവെങ്കിലും പങ്കാളിത്തം സംബന്ധിച്ചു വ്യക്തതയില്ല. സർവകലാശാല കാമ്പസിൽ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.