Sorry, you need to enable JavaScript to visit this website.

സൗദി സീസണിന് ലണ്ടനില്‍ തുടക്കം

സൗദിയിലെ പുതിയ ഫുട്‌ബോള്‍ സീസണിന് തുടക്കമിട്ട് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നാളെ ലണ്ടനില്‍ അല്‍ഹിലാലും അല്‍ഇത്തിഹാദും ഏറ്റുമുട്ടും. ലീഗ് ചാമ്പ്യന്മാരും കിംഗ്‌സ് കപ്പ് ചാമ്പ്യന്മാരുമാണ് ഹിലാലും ഇത്തിഹാദും. 
പുതിയ ലീഗ് സീസണിനെ ആവേശത്തോടെയാണ് കാണികള്‍ കാത്തിരിക്കുന്നത്. ഒരു ടീമില്‍ എട്ട് വിദേശ താരങ്ങളെ വരെ അനുവദിച്ചതോടെ ലീഗ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാവുമെന്നാണ് കരുതുന്നത്. യു.എ.ഇയുടെ ഉമര്‍ അബ്ദുറഹ്മാന്‍, പെറു ലോകകപ്പ് താരം ആന്ദ്രെ കാരിയൊ, മുന്‍ ബാഴ്‌സലോണ ഡിഫന്റര്‍ ആല്‍ബര്‍ടൊ ബോടിയ (അല്‍ഹിലാല്‍), നൈജീരിയയുടെ ലോകകപ്പ് താരം അഹ്മദ് മൂസ, മൊറോക്കോയുടെ ലോകകപ്പ് താരം നൂറുദ്ദീന്‍ അംറാബത് (അന്നസ്ര്‍) തുടങ്ങി നിരവധി കളിക്കാര്‍ ഈ സീസണില്‍ സൗദി ലീഗില്‍ ബൂട്ട് കെട്ടും. 

സൗദിക്ക് വിജയം

ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യ മറുപടിയില്ലാത്ത മൂന്നു ഗോളിന് മ്യാന്മറിനെ തകര്‍ത്തു. മലേഷ്യ 2-1 ന് തെക്കന്‍ കൊറിയയെ അട്ടിമറിച്ചു. ഇറാന്‍ 3-0 ന് വടക്കന്‍ കൊറിയയെയും ഇന്തോനേഷ്യ അതേ മാര്‍ജിന് ലാവോസിനെയും കീഴടക്കി. ഹോങ്കോംഗ്-ഫലസ്തീന്‍ (1-1), ബഹ്‌റൈന്‍-കിര്‍ഗിസ്ഥാന്‍ (2-2) മത്സരങ്ങള്‍ സമനിലയായി. 
പെനാല്‍ട്ടികളില്‍ നിന്ന് അബ്ദുറഹ്മാന്‍ ഗരീബാണ് സൗദിയുടെ രണ്ടു ഗോളടിച്ചത്. മുത്അബ് അല്‍ഹമ്മാദ് അവസാന നിമിഷത്തില്‍ മൂന്നാം ഗോളടിച്ചു. 
ടോട്ടനം സൂപ്പര്‍സ്റ്റാര്‍ സോന്‍ ഹ്യുംഗ് മിന്‍ കളിച്ചിട്ടും കൊറിയക്ക് മലേഷ്യയെ കീഴടക്കാനായില്ല. സോന്‍ ഇല്ലാതെ കളിച്ച ആദ്യ മത്സരത്തില്‍ കൊറിയ 6-0 ന് ബഹ്‌റൈനെ കശക്കിയിരുന്നു. ഇന്നലെ പകരക്കാരനായാണ് സോന്‍ ഇറങ്ങിയത്. ഏഷ്യാഡില്‍ ടീമിന് സ്വര്‍ണം നേടിക്കൊടുത്ത് കൊറിയയിലെ 21 മാസത്തെ നിര്‍ബന്ധിത സൈനിക സേവനം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സോന്‍. 


 

Latest News