റിയാദ് - ചൂടും തണുപ്പും കാറ്റും മഴയും പൊടിക്കാറ്റും മാറിമറിഞ്ഞെത്തുന്ന മരുക്കാടിന്റെ സ്വഭാവം സൂക്ഷ്മമായി നിരീക്ഷിച്ച് വിത്തെറിയുകയാണ് മലയാളികളായ രണ്ടുപേർ. അൽഖസീം പ്രവിശ്യയിലെ മിദ്‌നബിനടുത്ത മണൽ കുന്നുകൾ അതിരിട്ട 200 ഏക്കർ മരുഭൂമിയിൽ മുപ്പതിലധികം ഇനം പഴം, പച്ചക്കറികൾ കൃഷി ചെയ്ത് കഠിനാധ്വാനത്തിന്റെ പുതിയൊരു വിജയഗാഥ രചിക്കുകയാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി ഫൈസലും മലപ്പുറം തുവ്വൂർ സ്വദേശി അബ്ദുറസാഖും.
രണ്ടു വർഷം മുമ്പാണ് സ്‌പോൺസറുടെ തരിശുഭൂമിയിൽ ഇവർ പരീക്ഷണാർഥത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവരുടെ ഇഛാശക്തിക്ക് മുന്നിൽ എല്ലാ സഹായവുമായി സ്‌പോൺസർ അബ്ദുല്ല നിലയുറപ്പിച്ചതോടെ മരുഭൂ മണലിൽ വിവിധയിനം കായ്കനികൾക്ക് വിത്തിട്ടു. കൈപക്ക, ചെരങ്ങ, വലിയ ഉള്ളി, വെള്ളുള്ളി, തക്കാളി, കക്കിരി, മുളക്, ബീൻസ്, വലിയ പയറ്, ജർജീൽ, ഖഖ്ദൂനിസ്, ഖസ്സ്, ചീര, മല്ലിയില, പുതിന, ജീബ, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും ചെറുനാരങ്ങ, സ്‌ട്രോബറി, ഓറഞ്ച്, ആപ്പിൾ, ആപ്രിക്കോട്ട്, അത്തിപ്പഴം തുടങ്ങിയ പഴങ്ങളുടെയും വൈവിധ്യങ്ങൾ ഇവരുടെ കൃഷിയിടത്തിൽ സ്ഥാനം പിടിച്ചു. കാലാവസ്ഥക്കനുസരിച്ചാണ് ഇവരുടെ കൃഷി രീതി.
കേരളത്തിന്റെ കൽപ വൃക്ഷമായ തെങ്ങ് നട്ടുവളർത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കോഴി, മുയൽ, മത്സ്യം എന്നിവയും ഇപ്പോൾ പരീക്ഷണത്തിലാണ്. ചില പച്ചക്കറികൾ ചൂടുകാലത്തും ചിലത് തണുപ്പ് കാലത്തും വളരില്ല. എന്നാൽ കാറ്റും വെളിച്ചവും ചൂടും തണുപ്പും ക്രമീകരിച്ച ഗ്രീൻഹൗസുകളിൽ ഇവയെല്ലാം വളരുകയും ചെയ്യും. രണ്ടോ മൂന്നോ മാസം വിളവെടുത്താൽ പിന്നീട് അവ മാറ്റി പകരം കൃഷി ഇറക്കും. അതോടൊപ്പം സ്‌പോൺസറുടെ ആടുകളും ഒട്ടകങ്ങളും ഈ തോട്ടത്തിലുണ്ട്. അവയുടെയും ചുമതല ഇവർ രണ്ടുപേർക്കുമാണ്. കാലികൾക്ക് പുല്ലും ബാർലിയും ഗോതമ്പും ഇവരുടെ തോട്ടത്തിൽ വളരുന്നുണ്ട്.
പത്തിൽ താഴെ ജോലിക്കാർ ഇവരുടെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. കൃഷിക്ക് നനക്കലും കളപറിക്കലും മരുന്ന് തളിക്കലും കായ പറിക്കലും പാക്ക് ചെയ്യലുമെല്ലാം ഫൈസലിന്റെയും അബ്ദുറസാഖിന്റെയും നേതൃത്വത്തിൽ നടക്കും. വിളവെടുക്കുന്ന പച്ചക്കറികളുമായി ഇരുവരും അതിരാവിലെ ബുറൈദ പച്ചക്കറി മാർക്കറ്റിലെത്തും. അവിടെയാണ് ഇവർ പച്ചക്കറി വിൽക്കുന്നത്. കൃഷിക്ക് വളമിടാനും കീടനാശിനി പ്രയോഗത്തിനും പ്രത്യേക സമയങ്ങളും സന്ദർഭങ്ങളുമുണ്ട്. മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത വിധം ഉൽപന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
കുഴൽക്കിണറിൽ നിന്നാണ് കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നത്. മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം ടാങ്കുകളിൽ നിറക്കും. അവിടെ നിന്നാണ് കൃഷിക്ക് വെള്ളം എടുക്കുന്നത്. ഗോതമ്പിനും ബാർലിക്കും പുല്ലിനും വെള്ളം സ്പ്രേ ചെയ്യുന്ന ഉപകരണങ്ങളുണ്ട്. ശുദ്ധജലമാണ് കുഴൽ കിണറിൽ നിന്ന് ലഭിക്കുന്നത്.
മികച്ച പരിചരണമുണ്ടെങ്കിൽ മരുഭൂമി കൃഷിക്കനുയോജ്യമാക്കാമെന്നും നമ്മുടെ നാട്ടിലേക്കാൾ വിളവ് ലഭിക്കുമെന്നും ഇതിനാവശ്യമായ സർക്കാർ സഹായങ്ങൾ ലഭിക്കുമെന്നും ഫൈസലും അബ്ദുറസാഖും മലയാളം ന്യൂസിനോട് പറഞ്ഞു.