കിയേവോയുടെ അത്ര ഗംഭീരമല്ലാത്ത സ്റ്റേഡിയൊ ബെന്റഗോഡിയില്‍ സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ നാളെ ലളിതമായ തുടക്കം. ഒരു പതിറ്റാണ്ടോളമായി സ്പാനിഷ് ലീഗിന്റെ അവിഭാജ്യ ഘടകമായിരുന്നു ക്രിസ്റ്റ്യാനൊ. ജിനോവ പാലം ദുരന്തത്തിന്റെ ദുഃഖാചരണത്തിലുമാണ് ഇറ്റലി. ദുരന്തത്തെത്തുടര്‍ന്ന് ജിനോവ-എ.സി മിലാന്‍, സാംദോറിയ-ഫിയറന്റീന മത്സരങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. മറ്റു മത്സരങ്ങള്‍ മൗനാചരണത്തോടെ ആരംഭിക്കും. ക്രിസ്റ്റ്യാനോയുടെ ആഗമനം ഇറ്റാലിയന്‍ ലീഗിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോവുമെന്നാണ് പ്രതീക്ഷ. ക്രിസ്റ്റ്യാനോക്കു പിന്നാലെ കൂടുതല്‍ വലിയ താരങ്ങള്‍ വരുമെന്ന് ഇറ്റലിയുടെ മുന്‍ ലോകകപ്പ് ചാമ്പ്യന്‍ ദിനോസോഫ് കരുതുന്നു.
കഴിഞ്ഞ സീസണില്‍ യുവന്റസിനെ വിറപ്പിച്ച നാപ്പോളി പുതിയ കോച്ചിനു കീഴിലാണ് ഇറങ്ങുക. മൗറിസിയൊ സാരി ചെല്‍സിയിലേക്ക് ചേക്കേറി. കാര്‍ലൊ ആഞ്ചലോട്ടിയാണ് പകരം വന്നത്. പാര്‍മ, എംപോളി, ഫ്രോസിനോണ്‍ എന്നിവയാണ് സ്ഥാനക്കയറ്റം നേടിവന്ന മറ്റു ടീമുകള്‍.