Sorry, you need to enable JavaScript to visit this website.

ഒറ്റപ്പാലത്ത് കോണ്‍ഗ്രസും മുസ്‌ലിം ലീഗും പരസ്യ യുദ്ധത്തിലേക്ക്

ഒറ്റപ്പാലം - ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതിനിടയില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസും മുസ്‌ലിം ലീഗും പരസ്യമായ യുദ്ധത്തിലേക്ക്, ഇരുപക്ഷവും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. ഈയിടെ നടന്ന ഒറ്റപ്പാലം നഗരസഭാ ഉപതെരഞ്ഞെടുപ്പിന്റെ പേരിലാണ് യു.ഡി.എഫിലെ പ്രധാന ഘടകക്ഷികള്‍ കൊമ്പു കോര്‍ത്തിരിക്കുന്നത്. പാലാട്ട് റോഡ് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് ഇടതുപക്ഷത്തിന് സഹായകമായ നിലപാടാണ് സ്വീകരിച്ചത് എന്നാരോപിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി യു.ഡി.എഫിന്റേയും മുസ്ലീംലീഗിന്റേയും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുമായി കോണ്‍ഗ്രസ് ഒരു ചര്‍ച്ചയും നടത്തിയില്ലെന്നാരോപിച്ച് മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. സി.പി.എം നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഒറ്റപ്പാലത്ത് പൊതുവേ സ്വീകരിക്കുന്നത് എന്നായിരുന്നു ലീഗിന്റെ പരാതി. ഈയിടെ നടന്ന പാലാട്ട് വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബഹുദൂരം പിന്നിലായി.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഒരു കൂടിയാലോചനയും നടന്നില്ല എന്നതാണ് ലീഗ് പ്രാദേശികനേതൃത്വത്തിന്റെ പരാതി. ഒറ്റപ്പാലത്ത് ബി.ജെ.പിക്ക് ഉണ്ടാവുന്ന വളര്‍ച്ചയിലുള്ള ആശങ്കയും നേതാക്കള്‍ മറച്ചു വെക്കുന്നില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തില്ല. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നവംബറില്‍ തന്നെ മുസ്ലീംലീഗുമായി സംസാരിച്ചിരുന്നുവെന്നാണ് യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് പി.ഗിരീശന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു സഹകരണവും ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
വിഷയത്തില്‍ പരസ്യമായ പ്രതികരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കോണ്‍ഗ്രസിന്റേയും മുസ് ലിംലീഗിന്റേയും പ്രാദേശികനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest News