കൊച്ചി- വല്ലാര്‍പാടം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്നവരെ കുലുക്കി താഴെ ഇട്ടു. കാലുകള്‍ക്കിടയില്‍പ്പെട്ട ഇവര്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. പരിഭ്രാന്തി പരത്തിയ നിമിഷങ്ങള്‍ക്ക് ശേഷം പാപ്പാന്മാര്‍ അടക്കമുള്ളവര്‍ ആനയെ തളച്ചു.
ഇന്ന് ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു. തിടമ്പ് കയറ്റിയപ്പോള്‍ നാല് പേരാണ് ഒപ്പം കയറിയത്. ആന പെട്ടെന്ന് റോഡിലേക്കിറങ്ങി ആളുകളെ താഴെയിടുകയായിരുന്നു. നാലുപേരില്‍ രണ്ട് പേരാണ് താഴെ വീണത്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ മരക്കൊമ്പില്‍ തൂങ്ങിപ്പിടിച്ച് രക്ഷപ്പെട്ടു.
കൊല്ലത്ത് നിന്നു എത്തിച്ച ആനയാണ് ഇടഞ്ഞത്. മൃഗഡോക്ടറുടെയും വനംവകുപ്പിന്റെയും സര്‍ട്ടിഫിക്കറ്റും ലൈസന്‍സുമുണ്ട്. ആന ആക്രമണത്തിനൊരുങ്ങും മുന്‍പ് തളയ്ക്കാന്‍ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്.