തിരുവനന്തപുരം- ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകള്‍ താത്ക്കാലികമായി അടച്ചു. വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം സെന്ററുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ഐ. പ്രദീപ് കുമാര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള പ്രവേശനം നിരോധിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശമാണ്
അധികൃതര്‍ നല്‍കിയിരിക്കുന്നത്. രണ്ടു ജില്ലകളിലും ശക്തമായ മഴയാണ് തുടരുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോമൊറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.