ജിസാന്‍ - അല്‍റീത് പ്രദേശത്തെ മലയില്‍ ശവ കുടീരങ്ങളും വാസ സ്ഥലങ്ങളും ഉള്‍പ്പെട്ട ഭാഗം പുരാവസ്തു വകുപ്പിന് കീഴിലെ ഗേവഷണ വിഭാഗം കണ്ടെത്തി. പുരാതന സമൂദ് ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ ഗുഹാ വാസ സ്ഥലങ്ങളും അവരുടെ ലിഖിതങ്ങളും ശവകുടീരങ്ങളുമാണ് ഈ ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
ശവകുടീരങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നതാണെന്നും ആദ്യഘട്ട പര്യവേക്ഷണമാണ് നടന്നുവരുന്നതെന്നും പുരാവസ്തുവകുപ്പ് വക്താവ് വ്യക്തമാക്കി. മണ്‍പാത്രങ്ങളും ശില ആയുധങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. പാറകളില്‍ വിവിധ വര്‍ണങ്ങളില്‍ എഴുതിയ ലിഖിതങ്ങളും മനുഷ്യരുടെയും മൃഗങ്ങളുടെയം ചിത്രങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
സൗദിയുടെ തെക്ക് ഭാഗത്തെ പ്രധാന ഗുഹകളിലൊന്നാണ് ശഖ്‌റാ മലയിലെ ദുല്‍ സല്‍അ് ഗുഹ. ഇവിടെ കണ്ടെത്തിയ ഗുഹക്ക് 57 മീറ്റര്‍ വീതിയുണ്ട്. അക്കാലത്തെ അവരുടെ മതം, വ്യാപാരം, സാമൂഹികം എന്നീ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇവിടെ നിന്ന് ലഭിച്ച രേഖകള്‍. ആറു ചരിത്ര ഗ്രാമങ്ങളും മൂന്നു ചരിത്ര പാതകളും ഈ മലയോട് ചേര്‍ന്ന് കണ്ടെത്തി. ലോഹങ്ങള്‍ ഉരുക്കുന്നതിനും വേര്‍തിരിച്ചെടുക്കുന്നതിനും ഈ മലയില്‍ പ്രത്യേക സ്ഥലങ്ങളും ഈ ഗുഹകളില്‍ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു.