കോഴിക്കോട്- അറബിക്കടലില്‍ ചിതറികിടക്കുന്ന ലക്ഷദ്വീപ് സമൂഹത്തിലെ ജനങ്ങള്‍ സദാ ബന്ധപ്പെടുന്ന നാടാണ് കേരളം. കേരളത്തില്‍ തന്നെ കോഴിക്കോട് ബേപ്പൂര്‍ തുറമുഖവുമായി ദ്വീപ് ജനതയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അടുത്ത കാലത്തായി കൂടുതല്‍ കപ്പലുകളെത്തുന്നത് കൊച്ചിയിലേക്കായതിനാല്‍ അവിടെ വന്നിറങ്ങി റോഡ്, റെയില്‍ മാര്‍ഗം മലബാറിലെത്തുന്നവരുമുണ്ട്. അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് അനുഗ്രഹമായ ചെറിയപാണിയെന്ന സ്പീഡ് വെസല്‍ അപ്രതീക്ഷിതമായി മുടങ്ങിയതാണ് ദ്വീപുകാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കിയത്. സാധാരണ ഗതിയില്‍ ഒരു കപ്പല്‍ രാവ് മുഴുവന്‍ പിന്നിട്ട് ദ്വീപിലെ ആദ്യ പോയന്റിലെത്തുമ്പോള്‍ ഈ സ്പീഡ് വെസല്‍ ആറു മണിക്കൂര്‍ കൊണ്ടാണെത്തിയിരുന്നത്. ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളിലേക്ക് ധാരാളം യാത്രക്കാര്‍ ഇതിനെ ആശ്രയിച്ചിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് സമാനമായ സൗകര്യം ചുരുങ്ങിയ ചെലവില്‍ ഈ കപ്പല്‍ വഴി ദ്വീപുകാര്‍ക്ക് ലഭിച്ചിരുന്നു. കോഴിക്കോട്, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന വെസ്സല്‍ ഇപ്പോള്‍ സാങ്കേതിക കാരണം പറഞ്ഞാണ് മുടക്കുന്നത്. കപ്പല്‍ ചെറുതാണെങ്കിലും നൂറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ ഇത് സൗകര്യപ്പെട്ടിരുന്നു. ജൂണ്‍-ജൂലൈ മാസത്തിന് ശേഷം ഇത് ബേപ്പൂരില്‍ നിന്ന് ദ്വീപുകളിലേക്ക് പോയിട്ടില്ല.
ടണ്‍ ഭാരവുമായി യാത്ര ചെയ്യാന്‍ പറ്റില്ലെന്നാണ് പറയുന്നത്. അതേ സമയം, ഇതേ വെസലിന് തമിഴുനാട്ടില്‍ നിന്ന് ശ്രീലങ്കയിലേക്ക് സര്‍വീസ് നടത്താന്‍ ഒരു വിഷമവുമില്ലെന്നതാണ് വിചിത്രം. ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന രണ്ടു കപ്പലുകള്‍ മാത്രമേ ദ്വീപിലേക്കുള്ളു. അതിലാണെങ്കില്‍ ടിക്കറ്റ് ലഭിക്കാന്‍ പെടാപാടും. കഴിഞ്ഞ ദശകത്തില്‍ ലക്ഷദ്വീപുകാര്‍ക്ക് ഏറ്റവും പ്രയോജനപ്പെട്ട കപ്പലാണ് ചെറിയപാണിയെന്ന് ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിയും കോഴിക്കോട്ട് താമസക്കാരനുമായ ജിദ്ദയിലെ മുന്‍ പ്രവാസി പി.പി റഹ്മത്തുല്ല പറഞ്ഞു. ലക്ഷദ്വീപ് നിവാസികള്‍ക്ക് ബേപ്പൂരില്‍ നിന്ന് പ്രയാസമില്ലാതെ യാത്ര ചെയ്യാന്‍ ഒരു സ്പീഡ് വെസല്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നതാണ് ദ്വീപുകാരുടെ ആവശ്യം. കോഴിക്കോട്ടു നിന്ന് പ്രതിവാരം മുന്നൂറ് യാത്രക്കാര്‍ ദ്വീപിലേക്കുണ്ടെന്നാണ് കണക്ക്. ഇപ്പോള്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം വന്നതോടെ അത്യാവശ്യത്തിന് യാത്ര ചെയ്യാനെത്തുന്ന ദ്വീപുകാര്‍ക്ക് പലപ്പോഴും ടിക്കറ്റ് ലഭിക്കാറില്ല. മുന്‍ പ്രധാന മന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കാലത്ത് മികച്ച പരിഗണന ലഭിച്ച കേന്ദ്ര ഭരണ പ്രദേശത്തെ ജനങ്ങളാണ് യാത്രാ സൗകര്യങ്ങള്‍ ഇത്രയേറെ പുരോഗമിച്ച കാലത്ത് ലക്ഷദ്വീപും ബേപ്പൂരുമായുള്ള സമുദ്ര മാര്‍ഗം അടയാതെ നോക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. ഭാരത് സീമ, ടിപ്പുസുല്‍ത്താന്‍, അമിനി ദിവി, മിനിക്കോയ് എന്നീ കപ്പലുകള്‍ കേരളക്കരയില്‍ നിന്ന് ദ്വീപിലേക്ക് തുടര്‍ച്ചയായി സര്‍വീസ് നടത്തിയ സുവര്‍ണ കാലഘട്ടമുണ്ടായിരുന്നു.