പത്തനംതിട്ട - ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത് തകർക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഗവർണർ കേരളത്തിലെ ജനതയ്ക്ക് മുന്നിൽ സ്വയം പരിഹാസ്യനാവുകയാണെന്നും ഗവർണറുടെ നിലവാരം എന്താണെന്ന് എല്ലാവർക്കും മനസിലായെന്നും അദ്ദേഹം പ്രതികരിച്ചു.
ഗവർണറുടെ ക്വട്ടേഷൻ സംഘത്തിലാണ് പ്രതിപക്ഷമെന്നും മന്ത്രി ആരോപിച്ചു. നാട്ടിൽ കലാപം സൃഷ്ടിക്കാൻ കഴിയാത്തതിന്റെ പ്രതിഷേധമാണ് ഇപ്പോൾ യു.ഡി.എഫ് നടത്തുന്നത്. ഗവർണർ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കണം. ഗവർണർ വെല്ലുവിളിക്കുന്നത് കേരളത്തിലെ ജനതയെയാണ്. ഗൺമാന്റെ തോക്ക് ഉമ്മ വെക്കാനുള്ളതല്ല വെടിവെക്കാനുള്ളതാണെന്ന് പറഞ്ഞത് കെ സുധാകരനാണെന്നും രാജേഷ് പറഞ്ഞു. കായംകുളത്തെ നവകേരള സദസ്സിനിടയിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനെ ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ച സംഭവം ന്യായീകരിക്കാനാവില്ല. മർദ്ദിക്കാൻ സർക്കാർ ആരോടും പറഞ്ഞിട്ടില്ലെന്നും സംഭവം ഇടതുപക്ഷ നൈതികതക്ക് ചേരുന്നതല്ലെന്നും മന്ത്രി പറഞ്ഞു.