സുല്‍ത്താന്‍ബത്തേരി-വയനാട് വാകേരി കൂടല്ലൂരില്‍ കഴിഞ്ഞ ഒമ്പതിന് യുവകര്‍ഷകന്‍ പ്രജീഷിനെ കൊന്ന കടുവയെ പിടിക്കുന്നതിനു വനസേന ശ്രമം തുടരുന്നതിനിടെ വാകേരിയില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരെ കല്ലൂര്‍ക്കുന്നില്‍ കടുവ പശുവിനെ കൊന്നു. കല്ലൂര്‍ക്കുന്നിലെ വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭമുള്ള പശുവിനെയാണ് കടുവ പിടിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തൊഴുത്തില്‍ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പശുവിനെ കടുവ കഴുത്തിനു കടിച്ച് വലിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്. വീട്ടുകാര്‍ ഒച്ചയിട്ടപ്പോള്‍ കടുവ ഓടി ഇരുളില്‍ മറഞ്ഞു. വനസേന പിടിക്കാന്‍ ശ്രമിക്കുന്ന കടുവയല്ല പശുവിനെ കൊന്നതെന്നു പ്രദേശവാസികള്‍ പറഞ്ഞു. കല്ലൂര്‍ക്കുന്നില്‍ ദിവസങ്ങള്‍ മുമ്പ് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. കല്ലൂര്‍ക്കുന്നിലെ കടുവ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. വനസേന സ്ഥലത്ത് തെരച്ചില്‍ നടത്തിവരികയാണ്.
അതിനിടെ, കൂടല്ലൂരില്‍ കര്‍ഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ പിടിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഒരു കൂടുകൂടി സ്ഥാപിച്ചു. കൂടല്ലൂരില്‍ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിനു കുറച്ചുമാറിയാണ് ഇന്നലെ കൂട് വച്ചത്. ഇതോടെ സ്ഥാപിച്ച കൂടുകളുടെ എണ്ണം നാലായി.
ദൗത്യ സംഘം ഇന്നലെ നടത്തിയ തെരച്ചലിലും കടുവയെ കണാനായില്ല, കൂടല്ലൂരിലെയും സമീപങ്ങളിലെയും തോട്ടങ്ങളിലും വനത്തിലുമായിരുന്നു തെരച്ചില്‍. നരഭോജി കടുവയെ കണ്ടെത്തുന്നതിനു വനസേന നടത്തുന്ന പരിശ്രമം ഇന്നലെ എട്ടു ദിവസം പിന്നിട്ടു. കടുവയെ തിരിച്ചറിയാനായതാണ് ദൗത്യത്തില്‍ ഇതിനകം ഉണ്ടായ വലിയ പുരോഗതി. കടുവയെ പിടിക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നതിന് കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നും ദ്രുത പ്രതികരണ സേനയുടെ സ്പെഷല്‍ ടീം ഇന്ന് വാകേരിയില്‍ എത്തും.
മയക്കുവെടി വിദഗ്ധരും ഷൂട്ടര്‍മാരും വെറ്ററിനറി ഫോറസ്റ്റ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് കടുവയെ പിടിക്കാന്‍ രാപകല്‍ അധ്വാനിക്കുന്നത്. പരമാവധി പ്രയത്നിച്ചിട്ടും കടുവയെ പിടിക്കാനായില്ലെങ്കില്‍ കൊല്ലാന്‍ സംസ്ഥാന മുഖ്യ വനം-വന്യജീവി പാലകന്‍ നേരത്തേ ഉത്തരവായിരുന്നു. കടുവയെ ജീവനോടെ പിടിക്കണമെന്ന താത്പര്യത്തിലാണ് ദൗത്യസംഘം. എന്നാല്‍ കടുവയെ കൊല്ലണമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
കടുവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ വൈകുന്നേരം വാകേരി ക്ഷീര സംഘം ഹാളില്‍ ജനപ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, വനം-പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ഐ.സി.ബാലകൃഷ്ണന്‍ എം.എ.ല്‍എ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, മെംബര്‍ രുക്മിണി സുബ്രഹ്മണ്യന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഇ.കെ.ബാലകൃഷ്ണന്‍, കെ.പി.മധു, കെ.കെ.അബൂബക്കര്‍, എം.എസ്.ബൈജു, കലേഷ് സത്യാലയം, സണ്ണി ചാമക്കാല, ഉത്തര മേഖല സി.സി.എഫ് കെ.എസ്.ദീപ, സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്ന കരീം, സുല്‍ത്താന്‍ബത്തേരി ഡിവൈ.എസ്.പി കെ.കെ.അബ്ദുല്‍ ഷെരീഫ്, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുല്‍സമദ് തുടങ്ങിയവര്‍ പങ്കെടുത്തു. കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളില്‍ വിളവെടുപ്പിനും വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളില്‍ പോയിവരുന്നതിനും വനം-പോലീസ് സേനകള്‍ സംയുക്തമായി സംരക്ഷണം ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി.
അതിനിടെ, കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ഇന്നലെ വൈകുന്നരം കൂടല്ലൂരിലെത്തി പ്രജീഷിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വയനാട്ടിലെ കടുവ പ്രശ്നം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അടിയന്തര പരിഹാര നടപടികള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു.