കൊച്ചി - കൊച്ചിയില്‍ അസം സ്വദേശിയായ യുവാവ് ആലപ്പുഴക്കാരിയായ 54കാരിയെ അതി ക്രൂര പീഡനത്തിനാണ് ഇരയാക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇക്കഴിഞ്ഞ 13 ന് വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ കൈതക്കാട്ടില്‍ വച്ചായിരുന്നു ബലാത്സംഗം നടന്നത്. ആലപ്പുഴ സ്വദേശിയായ സ്ത്രീ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരെ ബലാല്‍സംഗത്തിന് ശേഷം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായ അസം സ്വദേശി ഫിര്‍ദോസ് അലിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ സ്വകാര്യ ഭാഗത്തും ശരീരത്തിലും പ്രതി മുറിവേല്‍പ്പിച്ചിട്ടുണ്ട്. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആലുവയിലേക്ക് പോകാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് സ്ത്രീയെ, പ്രതി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയത്. തുടര്‍ന്ന് സൗത്ത് റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് എത്തിച്ച് മൂന്ന് മണിക്കൂറോളം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.