മക്ക - ഹജ് അനുമതി പത്രമില്ലാതെ മരുഭൂപാതകളിലൂടെയും മലമ്പ്രദേശങ്ങളിലൂടെയും താഴ്‌വരകളിലൂടെയും പുണ്യസ്ഥലങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം ഹെലികാമുകൾ ഉപയോഗിക്കുന്നു. വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളിലാണ് നിയമ ലംഘകരെ നിരീക്ഷിക്കുന്നതിന് ഹെലികാമുകൾ ഉപയോഗിക്കുന്നതെന്ന് മക്ക പട്രോൾ പോലീസിലെ മേജർ ജംആൻ അൽഗാംദി പറഞ്ഞു.
മക്കയുടെ അതിർത്തി പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിന് കഴിഞ്ഞ റമദാനിലും ഹെലികാമുകൾ ഉപയോഗിച്ചിരുന്നു. ഹെലികാം നിരീക്ഷണം വഴി നിയമ ലംഘകരെ കണ്ടെത്തിയാൽ ഉടൻ തന്നെ പട്രോൾ പോലീസുകാർക്ക് വിവരം നൽകും. നിയമ ലംഘകരെയും ഹജ് അനുമതി പത്രമില്ലാത്തവരെ കടത്തുന്നവരെയും പട്രോൾ പോലീസുകാർ പിടികൂടും. പട്രോൾ പോലീസുകാരുടെ സമയം ലാഭിക്കുന്നതിന് ഹെലികാമുകൾ സഹായിക്കുന്നതായി മേജർ ജംആൻ അൽഗാംദി പറഞ്ഞു.