തിരുവനന്തപുരം- അമ്മായിയപ്പന്‍ മുഖ്യമന്ത്രിയായതുകൊണ്ടാണ് മുഹമ്മദ് റിയാസ് മന്ത്രിയായതെന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. റിയാസിന്റെ സമര സംഘടനാ ചരിത്രം വിവരിച്ചു കൊണ്ടാണ് ശിവന്‍കുട്ടിയുടെ മറുപടി. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ റിയാസ് ഇവിടെയുണ്ടെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെയെത്തിയതും, സി പി എം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വരെ ആയതും, വിദ്യാര്‍ഥി കാലം മുതല്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി നിന്നുകൊണ്ടാണെന്നും ചൂണ്ടികാട്ടിയ ശിവന്‍കുട്ടി, രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് റിയാസിനുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.
ഇങ്ങനെ നാലാള് കേട്ടാല്‍ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി മുരളീധരന് ഉണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു. ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാന്‍ കഴിയാത്ത ആളാണ് മുരളീധരനെന്നും, മത്സരിപ്പിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവര്‍ക്കും നന്നായി അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. ഇങ്ങനെയൊരു കേന്ദ്രമന്ത്രി, എന്താണ് ഈ കേരളത്തിന് വേണ്ടി കേന്ദ്രത്തിലിരുന്ന് ചെയ്യുന്നതെന്ന റിയാസിന്റെ ചോദ്യം കേരളത്തിന് താങ്കളോട് ചോദിക്കാനുള്ള ചോദ്യമാണെന്നും പറഞ്ഞ ശിവന്‍കുട്ടി, ആ ചോദ്യത്തിന് ഉത്തരമുണ്ടോയെന്നും മുരളീധരനോട് ചോദിച്ചു.