കൊല്ലം- നവകേരളസദസ്സില്‍ 'പരാതി'ക്ക് വിലക്ക്. സദസ്സില്‍ ഔദ്യോഗികമായി പരാതി എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് അവലോകന, മുന്നൊരുക്ക യോഗങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വാക്കാല്‍നല്‍കുന്ന നിര്‍ദേശം. ആവശ്യങ്ങളും പരാതികളുമായി ജനങ്ങള്‍ നല്‍കുന്ന കടലാസുകളെ അപേക്ഷ, നിവേദനം എന്നീ പേരുകളിലേ വിളിക്കാവൂ. രസീതിലും 'അപേക്ഷ സ്വീകരിച്ചിരിക്കുന്നു' എന്നാണ് രേഖപ്പെടുത്തേണ്ടത്, 'പരാതി സ്വീകരിച്ചു' എന്നെഴുതാന്‍ പാടില്ല.
''നവകേരളസദസ്സിന്റെ പ്രധാനലക്ഷ്യം പരാതിസ്വീകരിക്കലല്ലെ''ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പാലായില്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവഗണന, സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍, ഇനി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരളസദസ്സെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സദസ്സ് പരാതിനല്‍കാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗതപ്രാസംഗകന്‍ തോമസ് ചാഴികാടന്‍ എം.പി.യെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതില്‍ വരുന്നവര്‍ക്ക് പരാതിയുണ്ടെങ്കില്‍ നല്‍കാമെന്നും പരാതികള്‍ നല്‍കാന്‍ വേറെയും വഴികളുണ്ടെന്നുകൂടിയാണ് മുഖ്യമന്ത്രി പറഞ്ഞത്.
കൗണ്ടറുകളുടെ മുന്നില്‍ 'പരാതി സ്വീകരിക്കുന്നയിടം' എന്നെഴുതിവെക്കെരുതെന്ന് ഉദ്യോഗസ്ഥര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അപേക്ഷകള്‍, ആക്ഷേപങ്ങളുണ്ടാകാത്തവിധം ശ്രദ്ധാപൂര്‍വം കൈകാര്യംചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. അപേക്ഷയ്ക്കൊപ്പം കൂടുതല്‍ പേജുകളുള്ള പകര്‍പ്പുകള്‍ സ്വീകരിക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം.