Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിനെതിരെ കേരളം കോടതി കയറുന്നു

കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള സാമ്പത്തിക തർക്കം രാജ്യത്തെ പരമോന്നത കോടതിയിൽ നിയമ പോരാട്ടത്തിന് വഴി തുറന്നിരിക്കുകയാണ്. കേരളത്തിന് നൽകേണ്ടതായ സാമ്പത്തിക വിഹിതം പൂർണമായും നൽകാതെയും കടമെടുപ്പിന് അനുവദിക്കാതെയും സാമ്പത്തികമായി കേരളത്തെ വരിഞ്ഞു മുറുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നാണ് കേരളത്തിന്റെ പരാതി. ഇതുമൂലം വികസന പ്രവർത്തനങ്ങളാകെ തടസ്സപ്പെടുുകയാണെന്നും സാമൂഹ്യ പെൻഷൻ കൊടുക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് കേരളമെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതിൽ കാര്യമുണ്ട്. മുണ്ടുമുറുക്കിയാൽ പോലും പിടിച്ചു നിൽക്കാൻ കഴിയാത്തത്ര വലിയ സാമ്പത്തിക തകർച്ചയിലേക്കാണ് കേരളം പൊയ്‌ക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കേന്ദ്ര വിഹിതവും ജി.എസ്.ടി അടക്കമുള്ള നികുതികളിൽ കേരളത്തിന് കൂടി അവകാശപ്പെട്ട തുകയുമടക്കം ഒരു ലക്ഷം കോടിയിലേറെ രൂപയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്നും അതിനെ നിയമപരമായ മാർഗത്തിലൂടെ നേരിട്ടെങ്കിൽ മാത്രമേ കാര്യമുള്ളൂവെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ കേന്ദ്രം നടത്തുന്ന ഇടപെടൽ തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുള്ളത്.
ഭരണഘടന വിഭാവനം ചെയ്ത, സംസ്ഥാനത്തിന്റെ സാമ്പത്തിക ഫെഡറലിസത്തെ ആസൂത്രിത നീക്കങ്ങളിലൂടെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ പരാതി. ഈ വിഷയത്തിൽ സുപ്രീം കോടതി ആർക്ക് അനുകൂലമായി തീരുമാനമെടുത്താലും അത് ചരിത്രത്തിന്റെ ഭാഗമായി മാറും. കാരണം, ഭരണഘടനാപരമായി വലിയ സങ്കീർണതകൾ ഉൾക്കൊള്ളുന്ന ഇത്തരത്തിലൊരു വിഷയം വിശദമായി സുപ്രീം കോടതിക്ക് ഇതിന് മുമ്പ് കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല. ഇവിടെ വളരെ സുപ്രധാനവും ഏറെ സങ്കീർണതകൾ നിറഞ്ഞതുമായ നിയമ പോരാട്ടങ്ങൾക്കാണ് കേരളം കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ സാഹചര്യത്തിൽ കേരള സർക്കാരിന്റെ ഹരജിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
സാമ്പത്തികമായി നോക്കിയാൽ വിത്തെടുത്ത് കുത്തുന്ന സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. അടിയന്തരമായി സാമ്പത്തിക പിന്തുണ കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ലെങ്കിൽ വലിയൊരു തകർച്ച കേരളത്തിനുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ലക്ഷണങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ ചുവടുപിടിച്ച് ചില സുപ്രധാന ആവശ്യങ്ങൾ കേരളം സുപ്രീം കോടതിയിൽ ഉയർത്തുന്നത്. പ്രധാനമായും ആറ് കാര്യങ്ങളിൽ സുപ്രീം കോടതിയുടെ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഭരണഘടനാപരമായ ഇടപെടലുകൾ തടയുകയെന്നതാണ് ഹരജിയിലെ ഏറ്റവും പ്രധാന ആവശ്യം. നിയമപ്രകാരം നിശ്ചയിക്കപ്പെട്ട കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദ് ചെയ്യുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പ് പരിധിയിൾ ഉൾപ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദ് ചെയ്യുക, ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സംസ്ഥാനത്തിന് നിയന്ത്രണം അടിച്ചേൽപിക്കുന്ന കേന്ദ്ര നടപടി വിലക്കുക എന്നിവയാണ് മറ്റു ആവശ്യങ്ങൾ. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സുപ്രീം കോടതിയെയും വെട്ടിലാക്കുന്നതാണ്. ഭരണതലത്തിൽ തീരുമാനിക്കേണ്ട വിഷയങ്ങളിൽ ഇടപെടണമെന്നാണ് കേരളം പറയുന്നത്. എന്നാൽ ഇതിൽ ജുഡീഷ്യറിക്ക് എത്രത്തോളം ഇടപെടാൻ കഴിയുമെന്നതാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനും പൂർണ ബോധ്യമുണ്ട്. അനുകൂല ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചില്ലെങ്കിലും കേരളത്തോടുള്ള കേന്ദ്ര നിലപാട് ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ ഹരജിയിലൂടെ സാധിക്കുമെന്ന് സംസ്ഥാന സർക്കാർ കണക്കുകൂട്ടുന്നു.
കേന്ദ്ര നടപടികൾ മൂലം കേരളത്തിനുണ്ടാകുന്ന നഷ്ടം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ കോടി രൂപയാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതികൾ മുഴുവൻ പാതി വഴിയിലാണ്. 
ഇതിനെല്ലാമപ്പുറം പൊതു തെരഞ്ഞെടുപ്പ് ആസന്നമായതാണ് സംസ്ഥാന സർക്കാരിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. നിരവധി എതിർ ഘടകങ്ങൾ ഉണ്ടായിട്ടും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കിയതും സാമൂഹ്യ പെൻഷനുകളിൽ വർധന ഏർപ്പെടുത്തിയതും അത് വളരെ കൃത്യമായിത്തന്നെ നൽകാൻ കഴിഞ്ഞതുമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്താനുള്ള പ്രധാന കാരണം. ഉത്സവ സീസണുകളിൽ പെൻഷൻ മുൻകൂറായി നൽകിക്കൊണ്ട് ജനങ്ങളുടെ വലിയ പ്രീതി സമ്പാദിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പെൻഷൻ മാസങ്ങളായി കുടിശ്ശികയായി കിടക്കുകയാണ്. കിട്ടാവുന്ന സ്ഥലത്ത് നിന്നെല്ലാം കടം വാങ്ങിയിട്ടും ക്ഷേമ പെൻഷനുകൾ കൊടുക്കാൻ കഴിയുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പരിഹരിക്കാനാകുന്നില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാൽ വലിയ തോതിലുള്ള നികുതി വർധന നടപ്പാക്കി തനത് വരുമാനം ഉയർത്തുന്നതിനുള്ള നടപടികൾ കൈക്കാള്ളാൻ പറ്റാത്ത അവസ്ഥയാണ്. പല നികുതികളിലും ഇതിനകം തന്നെ പരമാവധി വർധന ഏർപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
നികുതി പിരിവിന്റെ കാര്യത്തിൽ പരമ്പരാഗത രീതിയിൽ നിന്ന് മാറി നിലവിലുള്ള നികുതികളിൽ വർധന ഏർപ്പെടുത്താതെ പുതിയ നികുതികൾ കണ്ടെത്തുകയാണ് വരുമാനം വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം. അതിനുള്ള കാര്യങ്ങളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും അത് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ ഇനിയും മുന്നോട്ട് നീങ്ങിയിട്ടില്ല. താൽക്കാലികമായി എളുപ്പത്തിൽ വരുമാനമുണ്ടാക്കാൻ എങ്ങനെ സാധിക്കുമെന്നതിൽ മാത്രമാണ് ധനവകുപ്പിന്റെ നോട്ടം.
കേന്ദ്രത്തിനെതിരെ ശക്തമായ രീതിയിൽ ജനരോഷം ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള വിവിധ കാമ്പയിനുകൾ സംസ്ഥാന സർക്കാരും ഇടതുമുന്നണിയും നടത്തിയെങ്കിലും അത് ഉദ്ദേശിച്ച ഫലം കണ്ടില്ല. അതുകൊണ്ടാണ് അറ്റകൈ പ്രയോഗമെന്ന നിലയിൽ നിയമ പോരാട്ടത്തനിറങ്ങിയത്. എന്നാൽ ഇതിൽ അടുത്ത കാലത്തൊന്നും സുപ്രീം കോടതിയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകൾ വരുമെന്ന പ്രതീക്ഷ സംസ്ഥാന സർക്കാരിനില്ല. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്ന 2024 മാർച്ച് വരെ സാമ്പത്തികമായി പിടിച്ചു നിൽക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഒഴിഞ്ഞ ഖജനാവുമായി ഇനി എത്രകാലം പിടിച്ചു നിൽക്കാൻ കഴിയുമെന്നതാണ് പ്രസക്തമായ ചോദ്യം.

Latest News