Sorry, you need to enable JavaScript to visit this website.

ലോകത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ സൗദി അറേബ്യ ഒന്നാമത്

ജിദ്ദ - ലോകത്ത് ഇന്റർനെറ്റ് അവലംബിക്കുന്നവരുടെ അനുപാതം ഏറ്റവും കൂടുതൽ സൗദിയിലും യു.എ.ഇയിലും നോർവെയിലുമാണെന്ന് ഗ്ലോബൽ സ്റ്റാറ്റ്‌സ്‌ഹോട്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ മൂന്നു രാജ്യങ്ങളിലും ജനസംഖ്യയിൽ 99 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 530 കോടി പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഒരു വർഷത്തിനിടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 18.9 കോടി പേരുടെ (3.7 ശതമാനം) വർധന രേഖപ്പെടുത്തി. ലോക ജനസംഖ്യയുടെ 65 ശതമാനത്തിലേറെ പേർക്കും ഇന്റർനെറ്റ് ലഭ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും ലോക രാജ്യങ്ങളിൽ ഇന്റർനെറ്റ് അവലംബിക്കുന്നവരുടെ അനുപാതങ്ങൾ തമ്മിൽ വലിയ അന്തരങ്ങളുണ്ട്. 
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ പശ്ചാത്യ രാജ്യങ്ങളിൽ സൗദി അറേബ്യയെയും യു.എ.ഇയെയും അപേക്ഷിച്ച് ഇന്റർനെറ്റ് അവലംബിക്കുന്നവരുടെ അനുപാതം കുറവാണ്. ജർമനിയിലും ഫ്രാൻസിലും ജനസംഖ്യയുടെ 93 ശതമാനം പേർ ദിവസേന ഇന്റർനെറ്റിൽ സർഫ് ചെയ്യുന്നു. അമേരിക്കയുടെ ഡിജിറ്റൽ സമീപനം മറ്റു ലോക രാജ്യങ്ങളെ വലിയ തോതിൽ സ്വാധീനിക്കുന്നു. എന്നാൽ അമേരിക്കയിൽ ഇന്റർനെറ്റ് അവലംബിക്കുന്നവരുടെ അനുപാതം 91.8 ശതമാനമാണ്. ഇത് യൂറോപ്യൻ യൂനിയനെയും ബ്രിട്ടനെയും അപേക്ഷിച്ച് കുറവാണ്. 
ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ ഇന്റർനെറ്റ് സേവനമുള്ളത് ജപ്പാനിലാണ്. എന്നാൽ ജപ്പാൻ ജനസംഖ്യയിൽ 82.9 ശതമാനം പേർ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ബൾഗേറിയ, മെക്‌സിക്കോ, ഗ്രീസ്, തുർക്കി എന്നീ രാജ്യങ്ങളിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ അനുപാതം ഏറെക്കുറെ ഇതിന് സമമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിൽ ഇന്റർനെറ്റ് അവലംബിക്കുന്നവരുടെ അനുപാതം 75.7 ശതമാനമാണ്. ഇത് ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ അനുപാതത്തെക്കാൾ ഏറെ കൂടുതലാണ്. ഇന്ത്യയിൽ ജനസംഖ്യയിൽ 53 ശതമാനത്തിനു മാത്രമാണ് ഇന്റർനെറ്റ് ലഭ്യതയുള്ളത്. 
ലോകത്ത് ഇന്റർനെറ്റ് ലഭ്യത ഏറ്റവും കുറഞ്ഞ ജനസമൂഹം ഉത്തര കൊറിയക്കാരാണ്. ഉത്തര കൊറിയയിൽ ജനസംഖ്യയിൽ 99.9 ശതമാനത്തിനും ഇന്റർനെറ്റ് ലഭ്യതയില്ല. ദക്ഷിണ സുഡാൻ, സോമാലിയ, മധ്യാഫ്രിക്ക എന്നീ രാജ്യങ്ങളും ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിലാണ്. ഈ മൂന്നു രാജ്യങ്ങളിലും ജനസംഖ്യയിൽ 90 ശതമാനം പേർക്കും ഇന്റർനെറ്റ് ലഭ്യതയില്ല.
 

Latest News