Sorry, you need to enable JavaScript to visit this website.

ഇത്ര ധൃതി എന്തിന്? ബിനോയ് വിശ്വത്തെ സെക്രട്ടറി ആക്കിയതിൽ ചോദ്യവുമായി കെ.ഇ ഇസ്മായിൽ

തിരുവനന്തപുരം - സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്ത രീതിയെ വിമർശിച്ച് പാർട്ടിയിലെ മുതിർന്ന നേതാവും മുൻ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.ഇ ഇസ്മായിൽ രംഗത്ത്. കീഴ്‌വഴക്കം ലംഘിച്ച് ഇത്ര തിരക്കിട്ട് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് ഇസ്മായിലിന്റെ വിമർശം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
 പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് കാനം രാജേന്ദ്രൻ ലീവിന് അപേക്ഷിച്ചപ്പോൾ തന്റെ പിൻഗാമിയായി ബിനോയ് വിശ്വത്തിന്റെ പേര് ദേശീയ നേതൃത്വത്തിന് മുമ്പാകെ വെച്ചിരുന്നു. ഇതാണ് കാനം വിരുദ്ധ പക്ഷത്ത് നേരത്തെ നിലയുറപ്പിച്ച കെ.ഇ ഇസ്മായിൽ ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയത്.
 കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും ഇത്ര തിരക്കുകൂട്ടി പാർട്ടി സെക്രട്ടിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത് എന്തിനാണെന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം. പാർട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടത്. അതല്ലാതെ എക്‌സിക്യൂട്ടീവ് യോഗമല്ല. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടർച്ചാവകാശം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നുമാണ് ഇസമായിലിന്റെ പക്ഷം.
 'ബിനോയ് വിശ്വം കഴിവില്ലാത്തവനാണെന്നോ അയോഗ്യനാണെന്നോ ആർക്കും അഭിപ്രായില്ല. ബിനോയിയെ ചെറുപ്പം മുതലെ എനിക്കറിയാം. അദ്ദേഹത്തിന്റെ പിതാവിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അതിനാൽ, ബിനോയിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും എനിക്കു നന്നായി അറിയാം. ആ നിലയ്ക്ക് പ്രതീക്ഷയുമുണ്ട്.
 നല്ല കഴിവുള്ള ചെറുപ്പക്കാരുടെ പ്രതിനിധിയാണ് അദ്ദേഹം. നല്ല സഖാവും നല്ല സംഘാടകനും എഴുത്തുകാരനും പ്രാസംഗികനുമാണ് ബിനോയ്. വളരെ നല്ല സെക്രട്ടറിയാകുമെന്നാണ് പ്രതീക്ഷ. കാര്യശേഷിയും കർമശേഷിയും ഫലപ്രദമായി വിനിയോഗിച്ചാൽ പ്രസ്ഥാനത്തിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് കരുതുന്നത്. പക്ഷേ, രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാർ നിലവിലുള്ളപ്പോൾ പാർട്ടി സംസ്ഥാന കൗൺസിലോ, ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജനറൽ കൗൺസിലിലോ സെക്രട്ടറി തെരഞ്ഞെടുപ്പ് മതിയായിരുന്നുവെന്ന ചില അഭിപ്രായം വ്യക്തിപരമായി തോന്നി. അല്ലാത്ത പ്രശ്‌നങ്ങളൊന്നുമില്ല. 28ന് കൂടുന്ന സ്റ്റേറ്റ് കൗൺസിലിൽ ഔദ്യോഗിക സെക്രട്ടറിയായി തന്നെ ബിനോയിയെ പ്രഖ്യാപിക്കും. അതല്ലാതെ അദ്ദേഹത്തിൽ ഞങ്ങൾക്കാർക്കും ഒരു വിശ്വാസക്കുറവുമില്ല. 
 പിന്നെ, കാനം രാജേന്ദ്രന്റെ കത്ത് ഞാൻ കണ്ടിട്ടില്ല. ചികിത്സയിലിരിക്കെയാണ് അദ്ദേഹം അത്തരമൊരു കത്ത് കൊടുത്തതെന്നാണു പറയുന്നത്. ചികിത്സ കഴിഞ്ഞ് അദ്ദേഹം പ്രവർത്തനനിരതനായി രംഗത്തുവരുമെന്ന ശുഭപ്രതീക്ഷയാണ് എല്ലാവർക്കുമുണ്ടായിരുന്നത്. എന്നാൽ, പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. ഇതിനിടയിൽ സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ട അടിയന്തരാവശ്യമുണ്ടായിരുന്നില്ല. ഇനിയത് പ്രഖ്യാപിച്ചു എന്നത് തെറ്റാണെന്നൊന്നും ഞാൻ പറയുന്നില്ല, കുറച്ചുകൂടി നല്ല രീതി ഇന്നതായിരുന്നുവെന്ന് പറഞ്ഞുവെന്നു മാത്രം. അതൊക്കെ പാർട്ടി ബോഡിയിൽ ക്ലിയർ ചെയ്യാവുന്ന വിഷയവുമേയുള്ളൂ. പ്രായപരിധി കഴിഞ്ഞതിനാൽ ഞാൻ അത്തരമൊരു ബോഡികളിലൊന്നും ഇല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ സജീവമായി പാർട്ടി പ്രവർത്തനങ്ങളിൽ ഇപ്പോഴും പങ്കാളിയാണെന്നും കെ.ഇ ഇസ്മായിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. 
 പാർട്ടി സെക്രട്ടറിയായ കാനത്തിന്റെ ലീവ് അപേക്ഷയിൽ അടുത്ത സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനം എടുക്കാനായിരുന്നു സി.പി.ഐ ദേശീയ നേതൃത്വം ആഗ്രഹിച്ചതെങ്കിലും കാനത്തിന്റെ പെട്ടെന്നുള്ള വിയോഗംമൂലം ഒരു താൽകാലിക സംവിധാനം എന്ന നിലയ്ക്കാണ് ദേശീയ നേതൃത്വം ഉടനെ സംസ്ഥാന നിർവാഹകസമിതി വിളിച്ചുചേർത്ത് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നൽകിയത്. ഉടനെ പുതിയ സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്ത് അന്തിമ തീരുമാനം ഭരണഘടന ചട്ടം പാലിച്ച് നടത്താനുമാണ് പദ്ധതിയിട്ടത്. പാർട്ടിലെ താരതമ്യേന ജൂനിയറായ മറ്റു നേതാക്കൾക്കു പകരം എല്ലാവർക്കും സ്വീകാര്യനെന്ന നിലയിലാണ് മുതിർന്ന നേതാവും ദേശീയ സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭ എം.പിയുമായ ബിനോയ് വിശ്വത്തെ നേതൃത്വം സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ, സംസ്ഥാന സർക്കാറിന്റെ പല ജനവിരുദ്ധ നയങ്ങളെയും തുറന്നുപറയാൻ മടിക്കാത്ത ബിനോയ് വിശ്വത്തിന്റെ വരവിൽ സി.പി.എമ്മിലെ പിണറായി അനുകൂലികൾക്ക് നേരത്തെതന്നെ വലിയ താൽപ്പര്യമില്ല. സർക്കാറിന്റെ തെറ്റായ നയങ്ങളെയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം അടക്കമുള്ള ഫാസിസ്റ്റ് നയങ്ങളെയും കൃത്യമായി തുറന്നുകാട്ടുന്ന ബിനോയ് വിശ്വത്തിന്റെ ഇടപെടലുകൾ മതനിരപേക്ഷ ചേരിയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.

Latest News