ആലപ്പുഴ - ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള പരാതികളില്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പരാതിക്കാരെ വിളിച്ചു വരുത്തി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. രഞ്ജിത്തിനേയും കേള്‍ക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമര്‍ശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തര്‍ക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ വളരെ മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അവരവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഉണ്ടാകാം. അതിനെ പുച്ഛിച്ച് തള്ളുന്ന സമീപനം ആണ് രഞ്ജിത്തിന്റേതെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പരാതിപ്പെടുന്നുണ്ട്.