കോഴിക്കോട് - ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ എത്തുന്ന ഗവര്‍ണ്ണര്‍ക്കെതിരെ എസ് എഫ് ഐ യുടെ പോസ്റ്റര്‍. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമടക്കമാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതി, സര്‍വ്വകലാശാലയില്‍ വേണ്ടെന്ന് മലയാളത്തിലും 'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം', എന്ന് ഇംഗ്ലീഷിലും 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്ന് ഹിന്ദിയിലും പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. ഇന്ന് ദല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണ്ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറെ ക്യാമ്പസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പ്രഖ്യാപിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണ്ണര്‍ എത്തുന്നത്. ആദ്യം കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണ്ണര്‍ താമസിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ് എഫ് ഐയെ വെല്ലുവിളിച്ച് പിന്നീട് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ സുരക്ഷ പോലീസ് ശക്തമാക്കി. ഇന്ന് മുതല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.