ന്യൂദല്‍ഹി- ജൂണ്‍ 30ന് ചെക്കിയയിലെ വക്ലാവ് ഹാവെല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതിന് പിന്നാലെ അമേരിക്കന്‍ ഏജന്റുമാര്‍ കറുത്ത എസ്. യു. വില്‍ കയറ്റി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തുവെന്ന് പന്നൂന്‍ വധഗൂഡാലോചന കേസിലെ പ്രതി ഇന്ത്യന്‍ വംശജന്‍ നിഖില്‍ ഗുപ്തയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതായും കുറ്റപ്പെടുത്തുന്നു.
തനിക്കും കുടുംബത്തിനും ഭീഷണിയുള്‍പ്പെടെ നിരവധി മൗലികാവകാശ ലംഘനങ്ങള്‍ ആരോപിച്ച് 52കാരനായ ഗുപ്ത വെള്ളിയാഴ്ച സുപ്രിം കോടതിയെ സമീപിച്ചു. പേര് വെളിപ്പെടുത്താതെ എക്‌സ് എന്ന് മാത്രം വ്യക്തമാക്കിയ ഒരു കുടുംബാംഗം വഴിയാണ് വാടകക്കൊലയാളി എന്ന കുറ്റം ചുമത്തിയതിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ അവതരിച്ചത്. വാദം കേള്‍ക്കുന്നത് കോടതി ജനുവരി നാലിലേക്ക് മാറ്റി.
നിഖില്‍ ഗുപ്തയെ 'നിയമപാലകരെന്ന് സ്വയം വ്യക്തമാക്കിയ ചിലര്‍ ഒരു കാരണവുമില്ലാതെ പ്രാഗ് വിമാനത്താവളത്തിന് പുറത്ത് തടങ്കലിലാക്കിയെന്നാണ എക്‌സിന്റെ പരാതിയിലുള്ളത്. നിഖില്‍ ഗുപ്തയെ അറസ്റ്റ് ചെയ്തതോ തടങ്കലില്‍ വെച്ചതോ ആയ യാതൊരു കാര്യവും ചെക്ക അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
നിയമപാലകരെന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ അജ്ഞാത കറുത്ത എസ്. യു. വിയില്‍ ബലമായി കയറ്റിയതായും ഫോണുകള്‍ പിടിച്ചെടുത്തതായും ഒരു ഉപകരണം ദേഹത്ത് ഘടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
പതിവുപോലെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ വെച്ചല്ല അറസ്റ്റ് നടന്നതെന്നും നിഖില്‍ ഗുപ്ത എന്‍ട്രി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണെന്നും പറയുന്നു. അന്താരാഷ്ട്ര, മുനിസിപ്പല്‍ നിയമങ്ങളുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും അവര്‍ വാദിക്കുന്നു.
ഡല്‍ഹിയും തുര്‍ക്കിയും ഉള്‍പ്പെടെ മുമ്പ് അദ്ദേഹം സന്ദര്‍ശിച്ച വിമാനത്താവളങ്ങളിലൊന്നും ഗുപ്തയെ തടഞ്ഞിട്ടില്ലാത്തതിനാല്‍ ഗുപ്തയ്ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെന്ന അവകാശവാദം വ്യാജമാണെന്നും വാദിച്ചു.
പ്രാദശിക അധികാരികള്‍ക്ക് കൈമാറുന്നതിന് മുമ്പ് അമേരിക്കന്‍ ഏജന്റുമാര്‍ ഗുപ്തയുടെ രക്തവും ബയോമെട്രിക്‌സും ഉള്‍പ്പെടെ ശേഖരിക്കാന്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. അടുത്ത ദിവസം രാവിലെ മാത്രമാണ് ഗുപ്തയ്ക്കെതിരെയുള്ള കുറ്റങ്ങള്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഗുപ്തയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായും എത്രയും പെട്ടെന്ന് കൈമാറാന്‍ ഉദ്ദേശിക്കുന്ന യു. എസ് ഏജന്റുമാരുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. ആദ്യ 10- 11 ദിവസം ജയിലില്‍ ഗുപ്തയ്ക്ക് പന്നിയിറച്ചിയും ഗോമാംസവുമാണ് നല്‍കിയത്. ഭക്തനായ ഹിന്ദുവും സസ്യാഹാരിയുമായതിനാല്‍ അദ്ദേഹത്തിന് പ്രസ്തുത ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നും പരാതിയില്‍ പറയുന്നു. അധികൃതരെ അറിയിച്ചിട്ടും അവര്‍ സസ്യാഹാരം നല്‍കാന്‍ വിസമ്മതിച്ചതായും ഏറ്റവും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും സൂചിപ്പിക്കുന്നു.
ഇന്ത്യയിലുള്ള തന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ ഗുപ്തയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. യു എസ് അധികാരികള്‍ അംഗീകരിച്ചാല്‍ മാത്രമേ ഫോണ്‍ ചെയ്യാനാവു എന്നാണ് പ്രാഗിലെ പ്രാദേശിക ഭരണാധികാരികള്‍ പറഞ്ഞത്.
ജൂലായ് 19നാണ് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ കാണാന്‍ അദ്ദേഹത്തെ ആദ്യമായി അനുവദിച്ചത്. പ്രാഗ് ഹൈക്കോടതി ഇടപെട്ടതിന് ശേഷമാണ് കുടുംബവുമായുള്ള ബന്ധം അനുവദിച്ചത്.
അമേരിക്കന്‍- കനേഡിയന്‍ പൗരത്വമുള്ള ഖാലിസ്ഥാന്‍ ഭീകരന്‍ പന്നൂണിനെ കൊലപ്പെടുത്താന്‍ ഒരു വാടകക്കൊലയാളിയെ നിയമിച്ചു എന്നതാണ് ഗുപ്തക്കെതിരെയുള്ള ആരോപണം. ഗുപ്ത നിയോഗിച്ച വാടകക്കൊലയാളി യു എസിന്റെ രഹസ്യ ഏജന്റായിരുന്നു അത്.
നിഖില്‍ ഗുപ്തയക്കെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിക്കുക. ഇതോടൊപ്പം ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഈ കൃത്യത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.