(മഞ്ചേരി) മലപ്പുറം - ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവർ ഒഴികെ മരിച്ച നാലു പേരും പരുക്കേറ്റ കുട്ടികളുമെല്ലാം ഒരേ കുടുംബത്തിലുള്ളവരാണ്. ഇന്ന് വൈകീട്ട് ആറോടെയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി ചെട്ടിയങ്ങാടിയിൽ ദാരുണമായ അപകടമുണ്ടായത്.
മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയിലാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചത്. ഓട്ടോ ഡ്രൈവർ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പിൽ അബ്ദുൽമജീദ് (55), ഓട്ടോ യാത്രക്കാരായ പുല്ലൂർ കിഴക്കേത്തല മുഹ്‌സിന (34), സഹോദരി കരുവാരക്കുണ്ട് വെളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നീമ (33), മക്കളായ റൈഹ ഫാത്തിമ (4), റിൻഷാ ഫാത്തിമ(12) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന പരുക്കേറ്റ അഞ്ചു കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗൾഫിലായിരുന്ന തസ്‌നീമ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. കുടുംബവുമൊത്ത് പുല്ലൂരിലുള്ള ബന്ധുവിനെ കാണാൻ പോകുന്നതിനിടെയാണ് അപകടം. ബസിന്റെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായി മഞ്ചേരി പോലീസ് പറഞ്ഞു.
കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസാണ് ഓട്ടോയിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ അയച്ചതായും അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.