തിരുവനന്തപുരം- ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ വീണ്ടും കൂവല്‍. ആമുഖ പ്രസംഗത്തിന് ക്ഷണിച്ചപ്പോള്‍ അതിഥികള്‍ക്കൊപ്പം വേദിയില്‍ ഇരിക്കുകയായിരുന്ന രഞ്ജിത് പ്രസംഗപീഠത്തിന് സമീപത്തേക്ക് നടക്കുമ്പോള്‍ തന്നെ കാണികള്‍ കൂവി.
കഴിഞ്ഞ തവണയും രഞ്ജിത്തിനെ സമാപന വേദിയില്‍ കാണികള്‍ കൂവിയിരുന്നു. എന്നാല്‍ അന്ന് താന്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ച കഥ പറഞ്ഞാണ് രഞ്ജിത് മറുപടി പറഞ്ഞത്.
ഇത്തവണ വേദിയിലെയും സദസ്സിലെയും ബഹുമാന്യരെ എന്ന് തുടങ്ങുന്ന രഞ്ജിത്തിന്റെ വാക്കുകള്‍ക്ക് പിന്നാലെ കൂവല്‍ ഉയര്‍ന്നു. പ്രകാശ് രാജ് ഉള്‍പ്പെടെയുളള അതിഥികള്‍ക്ക് വലിയ കൈയടി ലഭിച്ചപ്പോഴാണ് രഞ്ജിത്തിന് കൂവല്‍ ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും നന്ദി പറഞ്ഞുകൊണ്ടാണ് രഞ്ജിത് പ്രസംഗം തുടങ്ങിയതും. ഇവിടെ രണ്ടു പേരുടെ അഭാവം പറയാതെ വയ്യ എന്ന് പറഞ്ഞായിരുന്നു ഇരുവരുടെയും പേരുകള്‍ പരാമര്‍ശിച്ചത്. പ്രസംഗം അവസാനിപ്പിച്ച് മടങ്ങുമ്പോഴും കൂവല്‍ ഉയര്‍ന്നു.
കഴിഞ്ഞ ദിവസം സംവിധായകന്‍ ഡോ. ബിജുവിനെതിരെ ഉള്‍പ്പെടെ രഞ്ജിത് നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ സിനിമാ രംഗത്ത് നിന്നു വലിയ വിമര്‍ശനമാണ് ഉയരുന്നത്.