കാസര്‍കോട്- എന്‍.എം.ബി (നാഷണല്‍ മരിടൈം ബോര്‍ഡ്) കരാറില്‍ ഇന്ത്യന്‍ ഫ്‌ളാഗ് രജിസ്‌ട്രെഷനില്‍ ഇന്ത്യക്കകത്തും പുറത്തും ജോലി ചെയ്യുന്ന ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലും
മാറ്റങ്ങള്‍ വരുത്തി പുതിയ കരാര്‍ മുംബൈയില്‍ ഒപ്പുവെച്ചു. കപ്പലോട്ടക്കാരുടെ സംഘടനയായ നുസി (നാഷണല്‍ യൂണിയന്‍ ഓഫ് സീഫെയറെസ് ഓഫ് ഇന്ത്യ ) യുടെ വൈസ് പ്രസിഡന്റ് ലൂയിസ് ഗൂമ്‌സ് , ജനറല്‍ സെക്രട്ടറി മിലിന്റ് കന്റാല്‍ ഗോണ്‍ക്കര്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ തുടങ്ങിയവരും വിവിധ കപ്പല്‍ കമ്പനി പ്രതിനിധികളും മറ്റ് എന്‍.എം. ബി. ബോര്‍ഡ് അംഗങ്ങളും ഒപ്പ് വെച്ച ഉടമ്പടിക്ക് 2027 ഡിസംബര്‍ 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. 48 മത് എന്‍. എം. ബി. എഗ്രിമെന്റ് ആണിത്.
അടിസ്ഥാന വേതനത്തില്‍ 42 ശതമാനം വര്‍ധനവ്
രാജ്യത്തിന് പുറത്തു സഞ്ചരിക്കുന്ന കപ്പലുകളില്‍ (ഫോറിന്‍ ഗോയിങ് വെസ്സല്‍സ്) ജോലി ചെയ്യുന്നവര്‍ക്ക് 42 ഉം ഇന്ത്യയ്ക്കകത്തു (ഹോം ട്രേഡ് ) 25 ശതമാനവും അടിസ്ഥാന വേതനത്തില്‍ വര്‍ധനവ് ലഭിക്കും. നിലവിലെ സേവന ദൈര്‍ഘ്യം 8 മാസമായി ചരുങ്ങും. ചില സാഹചര്യങ്ങളില്‍ കൂടുതല്‍ നാള്‍ കഴിയേണ്ടി വന്നാല്‍ അടിസ്ഥാന വേതനത്തില്‍ 10 ശതമാനം വര്‍ധന ലഭിക്കും.
സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ കിട്ടിയിരുന്ന നഷ്ട പരിഹാരതുക 22 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി.100 ശതമാനം വികലതയ്ക്ക് 25 ലക്ഷ മെന്നത് 35 ലക്ഷമാകും.
55 വയസില്‍ ജോലിയില്‍ നിന്ന് പിരിയേണ്ടി വന്നാല്‍ 6 ലക്ഷവും,58 ല്‍ 4.5 ലക്ഷവും 58ന് മുകളില്‍ 4 ലക്ഷവും നല്‍കും.
രാജ്യത്തിനകത്തും പുറത്തും വ്യവഹാര യാത്ര നടത്തുന്ന ഇന്ത്യന്‍ കപ്പലുകളില്‍ ജോലി ചെയ്യുന്ന റേറ്റിംഗ്, പെറ്റിഓഫിസര്‍ റാങ്കില്‍ ജോലി ചെയ്യുന്ന സീമെന്‍രും കൂടാതെ തീരത്തു നിന്നകലെ ( ഓഫ്‌ഷോര്‍) യാനങ്ങളിലും ടഗുകളിലും ജോലി ചെയ്യുന്നവരുമാണ് എന്‍.എം.ബി. എഗ്രിമെന്റ് പരിധിയില്‍ പെടുന്നുണ്ട്.
വൈദ്യ ചികിത്സ, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്, സ്‌കോളര്‍ഷിപ്പുകള്‍ നുസി യില്‍ നിന്ന് തുടര്‍ന്നും നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.