Sorry, you need to enable JavaScript to visit this website.

കുരുമുളക് സ്പ്രേ അടിച്ച് 15 ലക്ഷം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പെരിന്തല്‍മണ്ണ-ബൈക്ക് യാത്രക്കാരനായ യുവാവിനെ ബൈക്കുകളിലെത്തി ഇടിച്ചുവീഴ്ത്തി കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആനക്കയം പുളിയിലങ്ങാടി സ്വദേശികളായ  ചേലാതടത്തില്‍ അബ്ദുള്‍ ഇര്‍ഷാദ് (33), കൊളക്കാടന്‍ ഫാഹിസ് (28) എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് സി.ഐ. പ്രേംജിത്ത്, എസ്.ഐ. സെബാസ്റ്റ്യന്‍ രാജേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം പിടികൂടിയത്.
ഈ മാസം ഒന്നിനു മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിനു സമീപത്തു വച്ച് ബൈക്കില്‍ പോവുകയായിരുന്ന മണലായ സ്വദേശിയായ യുവാവിനെ ഇടിച്ചുവീഴ്ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു പണമടങ്ങിയ ബാഗ് കവര്‍ന്നതായാണ് പരാതി. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ കവര്‍ച്ച ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരനായ കുന്നക്കാവ് സ്വദേശി കല്ലുവെട്ടുകുഴിയില്‍ മുഹമ്മദ് സുഹൈലിനെ പെരിന്തല്‍മണ്ണയില്‍ നിന്നും കൂട്ടുപ്രതി  ആനക്കയം സ്വദേശി അബ്ദുള്‍കബീറിനെ ഗൂഢല്ലൂരില്‍ നിന്നും  ഏറാംതോട് സ്വദേശി പള്ളിയാല്‍തൊടി മുഹമ്മദ് യാസിന്‍, ചെരക്കാപറമ്പ് പീടികപ്പടി സ്വദേശി സെയ്ദ് ആഷിഖ് എന്നിവരെ പാലക്കാട്ടു നിന്നും പിടികൂടിയിരുന്നു.
ആനമങ്ങാട് മുതല്‍ യുവാവിനെ രണ്ടു ബൈക്കുകളിലും ഒരു കാറിലുമായി പിന്തുടര്‍ന്ന ബൈക്കിലുള്ളവര്‍ക്ക്   പരാതിക്കാരന്‍ പോകുന്ന റൂട്ട് വിവരം നല്‍കിയതും കവര്‍ച്ച ആസൂത്രണം ചെയ്തതും മുഹമ്മദ് സുഹൈലായിരുന്നു. സുഹൈലിന്റെ സുഹൃത്തായ മുഹമ്മദ് യാസീന്‍ ആണ് ഒരു ബൈക്കോടിച്ചിരുന്നത്. മുഹമ്മദ് സുഹൈലിനെ പരാതിക്കാരന്‍  തിരിച്ചറിയുമെന്നതിനാല്‍  സുഹൈല്‍ കാറിലാണ്  കയറിയത്. മുഹമ്മദ് യാസീന്‍, സെയ്ദ് ആഷിഖ് എന്നിവര്‍ക്ക് ഗള്‍ഫില്‍ വിസ ശരിയാക്കി ക്കൊടുക്കാമെന്നു പറഞ്ഞാണ് സുഹൈല്‍ കൂടെ കൂട്ടിയത്. പിടിയിലായ അബ്ദുള്‍ കബീര്‍, മുഹമ്മദ് യാസിന്‍,  ഇര്‍ഷാദ്, ഫാഹിസ് എന്നിവരടങ്ങുന്ന സംഘം കവര്‍ച്ച നടത്തുന്നതിന്റെ തലേദിവസം മഞ്ചേരി സ്റ്റേഷന്‍
പരിധിയില്‍ യുവാവിന്റെ തലക്ക് കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതികളാണ്. കവര്‍ച്ച നടത്തിയ ശേഷം പണവുമായി ഒളിവില്‍ പോകാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.  ഒളിവില്‍പോയ  പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നു ഡി.വൈ.എസ്.പി. അറിയിച്ചു. മലപ്പുറം പോലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ  ഡി.വൈ.എസ്.പി. എം.സന്തോഷ്‌കുമാര്‍, സി.ഐ പ്രേംജിത്ത്,  അഡീഷണല്‍ എസ്.ഐ സെബാസ്റ്റ്യന്‍ രാജേഷ്, ജില്ലാ ആന്റി നര്‍ക്കോട്ടിക്  സ്‌ക്വാഡ് അംഗങ്ങളായ സി.പി.മുരളീധരന്‍, എന്‍.ടി.കൃഷ്ണകുമാര്‍, പ്രശാന്ത് പയ്യനാട്, മനോജ്കുമാര്‍, ദിനേശ് കിഴക്കേക്കര, പ്രഭുല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

 

Latest News