കരുനാഗപ്പള്ളി (കൊല്ലം) - മറവിരോഗം ബാധിച്ച ഭർതൃമാതാവിനെ ക്രൂരമായി മർദ്ദിച്ച് കസേരയിൽ നിന്ന് തള്ളിയിട്ട കേസിൽ അറസ്റ്റിലായ മരുമകളും ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയുമായ തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ മഞ്ജുമോൾ തോമസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മക്കളെ നോക്കാൻ ജാമ്യം നൽകണമെന്ന പ്രതിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
14 ദിവസത്തേക്ക് റിമാർഡ് ചെയ്ത പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഭർതൃമാതാവ് ഏലിയാമ്മ വർഗീസി(80)നെതിരെയാണിവർ കണ്ണില്ലാത്ത ക്രൂരത കാണിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ജുമോളുടെ മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. മഞ്ജു നേരത്തെയും ഏലിയാമ്മയെ മർദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മർദ്ദനം പതിവായതോടെ കഴിഞ്ഞ മാസം നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസിനെയും വിവരം അറിയിക്കുകയാരിരുന്നു. തുടർന്ന് ഏലിയാമ്മയെ നാലുദിവസത്തേക്ക് അയൽപക്കത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ കൗൺസലിംഗ് നൽകിയ ശേഷമാണ് പിന്നീട് ഏലിയാമ്മയെ തിരികെ വീട്ടിലേക്ക് അയച്ചത്. ഇതിനിടെ പലതവണ വഴക്കുണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് തർക്കത്തിനിടെ മഞ്ജു ഏലിയാമ്മയെ വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയായിരുന്നു. തുടർന്ന് മകൻ ജയിംസ് വീട്ടിലെത്തിയപ്പോഴാണ് ഏലിയാമ്മയെ അവശ നിലയിൽ കണ്ടെത്തിയത്. മാതാവിനെ ആശുപത്രിയിൽ എത്തിച്ചശേഷം ജയിംസ് തെക്കുംഭാഗം സ്റ്റേഷനിലെത്തി മഞ്ജുവിനെതിരെ പരാതി നൽകുകയായിരുന്നു.
ഏലിയാമ്മയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്നലെ വൈകിട്ടോടെ മഞ്ജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയെ ഭാര്യ തല്ലുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും ജയിംസാണെന്നാണ് പോലീസിൽനിന്ന് ലഭിച്ച വിവരം.