റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട അഫീഫിൽ നിന്ന് ഏറെ ദൂരെ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ സൗദി വൃദ്ധൻ മസീദ് അൽശൈബാനി ഏകാന്തനായി ജീവിക്കുന്നു. അഫീഫിൽ ഏറ്റവുമടുത്ത റോഡിൽ നിന്ന് 30 കിലോമീറ്റർ ദൂരെ മണലാരണ്യത്തിന് നടുവിൽ സ്ഥാപിച്ച ചെറിയ തമ്പിലാണ് മസീദ് അൽശൈബാനി താമസിക്കുന്നത്. കട്ടിലും മറ്റു ഫർണിച്ചറൊന്നുമില്ലാത്ത തമ്പിനകത്ത് മണലിൽ വിരിച്ച തുണിയിലാണ് മസീദ് അൽശൈബാനിയുടെ ഉറക്കവും വിശ്രമവുമെല്ലാം. മാതാപിതാക്കളും നാലു സഹോദരങ്ങളും മരണപ്പെട്ടതോടെയാണ് മസീദ് അൽശൈബാനി മരുഭൂമിയിൽ ഏകാന്തനായത്. 100 വർഷം മുമ്പാണ് പിതാവ് മരുഭൂമിയിലെ ഈ പ്രദേശത്ത് എത്തി സ്ഥിരവാസം ആരംഭിച്ചതെന്ന് മസീദ് അൽശൈബാനി പറഞ്ഞു. മാതാപിതാക്കളും നാലു സഹോദരന്മാരും ഇവിടെ വെച്ചു തന്നെയാണ് മരണപ്പെട്ടത്. ഏറ്റവും അവസാനത്തെ സഹോദരൻ മൂന്നു കൊല്ലം മുമ്പാണ് മരിച്ചത്.
വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇതിനാവശ്യമായ പണം തന്റെ പക്കലില്ല. ഒരുമിച്ച് ജീവിക്കാനും ആശ്വസിപ്പിക്കാനും ആരെങ്കിലുമൊക്കെ വേണമെന്ന് ആഗ്രഹിക്കുന്നു. വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ അധ്യായങ്ങളിൽ ഒന്നായ അൽഇഖ്‌ലാസ് അധ്യായം മാത്രമേ തനിക്കറിയുകയുള്ളൂവെന്നും മസീദ് അൽശൈബാനി പറയുന്നു. മൊബൈൽ ഫോണിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും, മൊബൈൽ ഫോൺ കാണിച്ചുകൊടുത്ത ശേഷം അതേകുറിച്ച ചാനൽ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി മസീദ് അൽശൈബാനി പറഞ്ഞു.فيديو | مواطن.. 65 عاما يفترش الأرضء في صحراء عفيف#نشرة_التاسعة pic.twitter.com/T4JiuBLMlV
— قناة الإخبارية (@alekhbariyatv) December 14, 2023