കൊച്ചി - തന്നെ കാണാനില്ലെന്ന പരാതികളിലൂടെയും മറ്റും തന്റെ സ്വകാര്യത തകർക്കാനാണ് ശ്രമമെന്ന് ഡോ. ഹാദിയ പറഞ്ഞു. മകളെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് ഹാദിയ ഇപ്രകാരം മൊഴി നൽകിയത്.
തുടർന്ന് ഹാദിയയുടെയും പോലീസ് റിപോർട്ടുകളുടെയും അടിസ്ഥാനത്തിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നു കണ്ട് കേരള ഹൈക്കോടതി തുടർ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ഭരണഘടന അനുവദിച്ച മൗലികാവകാശം അനുസരിച്ച് തന്റെ മതവിശ്വാസം പാലിച്ച് സന്തോഷകരമായി താൻ ജീവിക്കുകയാണെന്നും പുനർവിവാഹിതയായ കാര്യം മാതാപിതാക്കളുമായി പങ്കുവെച്ചിരുന്നുവെന്നും അമ്മയുമായും മറ്റും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും ആദ്യവിവാഹം നിയമപരമായി വേർപ്പെടുത്തിയാണ് പുനർ വിവാഹം നടന്നതെന്നും അവർ മൊഴിയിൽ വ്യക്തമാക്കി.
താൻ തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം കഴിയുകയാണെന്നും ഭർതൃമാതാവുമായി എന്റെ മാതാപിതാക്കൾ സംസാരിച്ചിരുന്നുവെന്നും തന്റെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഇതിൽ അച്ഛൻ കരുവാകുന്നുണ്ടെന്നും അവർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.