Sorry, you need to enable JavaScript to visit this website.

'ആരോപണത്തിൽ കഴമ്പില്ല'; ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി - പുനർ വിവാഹിതയായ ഡോ. ഹാദിയയെക്കുറിച്ച് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ നടപടികൾ അവസാനിപ്പിച്ച് കേരള ഹൈക്കോടതി. ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു അച്ഛന്റെ ഹേബിയസ് കോർപ്പസ് ഹരജി. എന്നാൽ, ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്ന് കോടതി ഹരജിയിൽ തുടർ നടപടി അവസാനിപ്പിക്കുകയായിരുന്നു.
  മലപ്പുറത്ത് ഹോമിയോ ക്ലിനിക് നടത്തുകയായിരുന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈൽ ഫോൺ അടക്കം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ചൂണ്ടികാട്ടിയാണ് അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. സത്യസരണി ഭാരവാഹിയായ സൈനബ അടക്കമുള്ളവർ മകളെ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. 
 എന്നാൽ, പോലീസ് റിപോർട്ടും ഹാദിയയുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ ഹരജിയിൽ കഴമ്പില്ലെന്നു കണ്ട് കോടതി തുടർ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഹാദിയ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പുനർവിവാഹം ചെയ്‌തെന്നും ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കൾക്ക് അറിയാമെന്നും പോലീസ് കോടതിയെ അറിയിച്ചു. ഹാദിയ തടങ്കലിലല്ലെന്നും പോലീസ് റിപോർട്ട് നൽകി.
 മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് ഹാദിയ തിരുവനന്തപുരത്ത് കുടുംബവുമായി ജീവിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. മാത്രമല്ല അമ്മയുമായി ഹാദിയ ഫോണിൽ സംസാരിക്കാറുണ്ടെന്നും അതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഹർജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Latest News