തൃശൂർ - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി കേരളത്തിലും പണി തുടങ്ങി. ഇതിന്റെ ഭാഗമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനുവരി രണ്ടിന് കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥിയായിട്ടും നടൻ സുരേഷ് ഗോപി തൃശൂരിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, ഇക്കുറി നേരത്തെ തന്നെ മണ്ഡലത്തിൽ പണി തുടങ്ങി നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി തന്ത്രം മെനയുന്നത്.
വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സ്ത്രീശക്തി സംഗമം സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ച ചെയ്യും. മോഡിയെ കൂടാതെ അഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ പ്രവർത്തകരും രംഗത്തിറങ്ങും. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താനും തീരുമാനമുണ്ട്.