കോഴിക്കോട് - ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭര്‍തൃ മാതാവ് നബീസയുടേയും അമ്മാവന്‍ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. അതേ സമയം, ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്‌ന ആത്മഹത്യ ചെയ്തത്. ഷബ്നയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷബ്നയോട് അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്ത നബീസയുടെ സഹോദരന്‍ ഹനീഫയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റുപ്രതികളായ പ്രവാസിയായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.