തിരുവനന്തപുരം - വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് നൂറ് ശതമാനം നിഗമനമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഇന്നലെ പ്രതിയെ വെറുതെ വിട്ട കോടതി വിധിയില്‍ പറഞ്ഞിരുന്നു.