Sorry, you need to enable JavaScript to visit this website.

വിജിലന്‍സ് അനങ്ങുന്നില്ല, കോടതിയില്‍ പോകും- മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം - ആലപ്പുഴ തോട്ടപ്പള്ളിയില്‍ സി.എം.ആര്‍.എല്‍ കമ്പനിക്ക് അനധികൃത കരിമണല്‍ ഖനനം നടത്താന്‍ സഹായം നല്‍കിയതിനുള്ള പ്രതിഫലമാണ് മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും ലഭിച്ച മാസപ്പടിയെന്ന് മാത്യു കുഴല്‍നാടന്‍. വിജിലന്‍സില്‍ പരാതി നല്‍കി രണ്ടര മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല. അതുകൊണ്ട് ഇനി കോടതിയെ സമീപിക്കുമെന്നും കുഴല്‍നാടന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തോട്ടപ്പള്ളി സ്പില്‍വേയുടെ ആഴവും വീതിയും കൂട്ടുന്നത്തിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ്, തീരത്ത് നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ മറികടന്ന് സി.എം.ആര്‍.എല്‍ അനധികൃതമായി മണല്‍ കടത്തിയതിനെതിരെ പുറക്കാട് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കരിമണല്‍ അടങ്ങിയ മണ്ണ് വ്യാവസായിക ആവശ്യത്തിന് കൊണ്ടുപോകുന്നത് ഖനനത്തിറെ നിര്‍വചനത്തില്‍ വരുന്നതാണ്. എന്നാല്‍ അതിനുള്ള പാരിസ്ഥിതിക അനുമതിയും പെര്‍മിറ്റും സി.എം.ആര്‍.എല്ലിന് ഇല്ലാത്തതിനാല്‍ അവ ഹാജരാക്കുന്നത് വരെ ഖനനം നിര്‍ത്തണമെന്നായിരുന്നു പഞ്ചായത്തിന്റെ ഉത്തരവ്.
ഈ ഉത്തരവ് കലക്ടറുടെ ഇടപെടലിലൂടെ മരവിപ്പിച്ചാണ് സര്‍ക്കാര്‍ വീണ്ടും മണല്‍ കടത്താന്‍ അനുമതി നല്‍കിയത്. ഇതിനുള്ള സഹായം നല്‍കിയതിനാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും മാസപ്പടി ലഭിച്ചത്. സി.എം.ആര്‍.എല്ലിന് കരിമണല്‍ ഖനനത്തിനായി മുഖ്യമന്ത്രി വര്‍ഷങ്ങളോളം എല്ലാ നിയമങ്ങളും മാറ്റിയെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

 

Latest News