ദുബായ്- ഉളളി വില ആറിരട്ടി വരെ കുതിച്ചുയര്‍ന്നതോടെ ഉപഭോക്താക്കള്‍ പ്രതിസന്ധിയിലായി. പ്രാദേശിക വില പിടിച്ചുനിര്‍ത്താന്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇന്ത്യ കയറ്റുമതി നിരോധം പ്രഖ്യാപിച്ചതോടെയാണ് യു.എ.ഇയില്‍ ഉള്ളി വിലയില്‍ ക്രമാതീതമായ വര്‍ധനവുണ്ടായത്. വില ആറിരട്ടി കുതിച്ചുയര്‍ന്നതിനാല്‍ ഉള്ളി സംഭരിക്കുന്നതിന് ബദല്‍ സ്രോതസ്സുകള്‍ തേടുകയാണെന്ന് രാജ്യത്തെ റീട്ടെയില്‍ വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു.
ഉള്ളി കയറ്റുമതിയില്‍ ആഘാതം ഉണ്ടായിട്ടുണ്ടെന്ന് അല്‍ സഫീറിലെ ഗ്രൂപ്പ് എഫ്.എം.സി.ജി ഡയറക്ടര്‍ അശോക് തുള്‍സിയാനി സ്ഥിരീകരിച്ചു. തുര്‍ക്കി, ഇറാന്‍, ചൈന എന്നിവ സാധ്യതയുള്ള ബദലുകളാണ്, എന്നാല്‍ അളവ്, ഗുണമേന്മ, വില എന്നിവയുടെ കാര്യത്തില്‍, ഇന്ത്യന്‍ ഉള്ളി ഇപ്പോഴും മികച്ചതാണ്, ഉപഭോക്താക്കളുടെ മുന്‍ഗണനയും അതാണ്. ഇന്ത്യന്‍ ഉള്ളിക്കുള്ള ഡിമാന്റ് മറ്റ് രാജ്യങ്ങള്‍ക്കില്ലെന്ന് തുള്‍സിയാനി പറഞ്ഞു.
ന്യൂദല്‍ഹിയില്‍ ഉള്ളിയുടെ വില കിലോക്ക് 70-80 രൂപയായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ്, ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) ഉള്ളിയുടെ കയറ്റുമതി 2024 മാര്‍ച്ച് 31 വരെ നിരോധിച്ചത്.
ഉപഭൂഖണ്ഡത്തിലെ മറ്റ് അയല്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ഉള്ളി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. നിരോധനം കാരണം ആ രാജ്യങ്ങളിലും വില ഉയരുകയാണ്.