ജിദ്ദ- വിദ്യാർഥികളുടെ കഴിവുകളെ കണ്ടെത്തുന്നതിനായി ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനം സമാപിച്ചു. വിദ്യാർഥികളുടെ അക്കാദമിക മികവിനൊപ്പം പുത്തൻ കണ്ടെത്തലുകളും പ്രകടമായ പ്രദർശനം വൈജ്ഞാനിക രംഗത്ത് പുത്തൽ കാൽവെപ്പായി.
1200 വിദ്യാർഥികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. 70 ക്ലാസ് മുറികളിലായി അഞ്ഞൂറോളം പ്രോജക്ടുകൾ ഒരുക്കിയിരുന്നു. സ്റ്റിൽ മോഡലുകൾക്കും വർക്കിംഗ് മോഡലുകൾക്ക് പ്രത്യേക സെക്ഷനുകൾ ഒരുക്കി. വിവിധ വിഷയങ്ങളിൽ പ്രത്യേകമായൊരുക്കിയ മോഡലുകൾ പുത്തൻ ആശയങ്ങൾകൊണ്ട് സമ്പന്നമായിരുന്നു. ആരോഗ്യം, പരിസ്ഥിതി, കുടുംബം, ജൈവ വൈവിധ്യം, നിർമിത ബുദ്ധി, റോബോട്ടിക്‌സ് തുടങ്ങി ഒട്ടേറെ ശാഖകളെ വിഷയമാക്കിയാണ് കുട്ടികൾ മോഡലുകൾ തയാറാക്കിയത്.
ഹജ്, വാണിജ്യ കാര്യങ്ങളുടെ കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒക്കാസ് ഫിനാൻസ് ഡയറക്ടർ ഒസാമ, സീനിയർ റിലേഷൻഷിപ്പ് മാനേജർ എ. രഖൻ, മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഡോ. മുഫ്തി സിയാഹുൽ ഹസൻ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.