കൊച്ചി - ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രൊമോഷന്‍ എന്ന വ്യാജേന ക്രിസ്മസ് പുതുവത്സര സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ചാനലുകളിലൂടെയുമാണ് തട്ടിപ്പ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ഇല്ലാത്ത സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക് ആളുകള്‍ക്ക് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെക്കുറിച്ച് അറിയുമോ, എത്ര വയസ്സായി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ എത്രമാത്രം ഇഷ്ടപ്പെടുന്നു, നിങ്ങള്‍ പുരുഷനാണോ സ്ത്രീയാണോ തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് പോകുന്നത്. ഇതിന് ഉത്തരം നല്‍കുന്നതിന് പിന്നാലെ വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചെന്ന് തെറ്റിധരിപ്പിക്കും, ഈ സമ്മാനങ്ങള്‍ ഇരുപത് പേര്‍ക്കോ, അഞ്ച് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ ഫോര്‍വേര്‍ഡ് ചെയ്യണം തുടങ്ങിയ നിബന്ധനകള്‍ എത്തും. സമ്മാനം ലഭിക്കുമെന്ന് തെറ്റിധരിച്ച് ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന ഈ സന്ദേശങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരിലേക്കാണ് എത്തുന്നത്. ഇത്തരം തട്ടിപ്പില്‍ അകപ്പെടാതെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലുലു മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യരുതെന്നും ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയണമെന്നും ഉപഭോക്താക്കളോട് ലുലു അഭ്യര്‍ത്ഥിച്ചു.